Currency

അനുമതിയില്ലാതെ കെട്ടിടങ്ങള്‍ വിഭജിച്ചാല്‍ വന്‍ശിക്ഷ; നിയമ ഭേദഗതി

സ്വന്തം ലേഖകന്‍Tuesday, October 1, 2019 12:59 pm

ദോഹ: താമസസൗകര്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍ അനുമതിയില്ലാതെ വിഭജിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന മുന്നറിയിപ്പ്. ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ ലൈസന്‍സില്ലാതെ അനധികൃതമായി വിഭജനം നടത്തുന്നത് കടുത്തനിയമലംഘനമാണ്. അധികൃതരുടെ അനുമതിയില്ലാതെ റെസിഡന്‍ഷ്യല്‍ വില്ലകളും വീടുകളും വിഭജിക്കരുത്. മലയാളികളടക്കം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് പാര്‍ട്ടീഷന്‍ ചെയ്ത് നിരവധി പേര്‍ക്ക് വാടകക്ക് നല്‍കുന്നത് വ്യാപകമാണ്.

വില്ലയും അപ്പാര്‍ട്‌മെന്റും വിഭജിച്ച് വാടകക്ക് നല്‍കുന്നതിനെതിരെ മുനിസിപ്പാലിറ്റിക്ക് ശക്തമായ നടപടിയെടുക്കാന്‍ നിലവിലുള്ള കെട്ടിടനിയമത്തില്‍ ഭേദഗതി വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 2014ലെ എട്ടാം നമ്പര്‍ നിയമം പുറപ്പെടുവിച്ചിരുന്നു. കെട്ടിടനിയമം 1985ലെ നാലാം നമ്പര്‍ വകുപ്പാണ് ഭേദഗതി ചെയ്തത്. നിലവിലുള്ള കെട്ടിടത്തില്‍ എന്തു മാറ്റം വരുത്തണമെങ്കിലും മുനിസിപ്പാലിറ്റിയുടെ രേഖാമൂലമുള്ള അനുമതി വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അനുമതിയില്ലാതെ കെട്ടിടം വിഭജിച്ചാല്‍ ചതുരശ്രമീറ്ററിന് 250 റിയാല്‍ മുതല്‍ 500 റിയാല്‍വരെയാണ് മന്ത്രാലയം പിഴയീടാക്കുക. മറ്റു പിഴകളുമുണ്ട്.

അനധികൃത വില്ല വിഭജനത്തിനുള്ള പിഴകള്‍ ഉള്‍പ്പെടെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കരാറുകാരന് 10,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ നല്‍കേണ്ടിവരുക. ആവശ്യമെങ്കില്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഡയറക്ടര്‍ക്ക് സുരക്ഷ അതോറിറ്റികളുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കല്‍ തീരുമാനം നിര്‍ബന്ധിതമായി നടപ്പാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x