Currency

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ പുതിയ സംവിധാനം

സ്വന്തം ലേഖകന്‍Saturday, June 16, 2018 12:17 pm

ദോഹ: രാജ്യത്ത് ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്നുറപ്പാക്കാന്‍ സാമ്പത്തിക വാണിജ്യമന്ത്രാലയം പുതിയ ഇലക്ട്രോണിക് സംവിധാനത്തിനു രൂപം നല്‍കി. സ്ട്രാറ്റജിക് ഇന്‍വെന്ററി മാനേജ്മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്നാണു പുതിയ സംവിധാനത്തിനു പേരുനല്‍കിയിരിക്കുന്നത്. അടിയന്തരഘട്ടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ഇറക്കുമതിക്കു ത്വരിതഗതിയില്‍ അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയുമെന്നതാണു പുതിയ സംവിധാനത്തിന്റെ പ്രധാനനേട്ടം.

സ്വകാര്യമേഖലയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്. ദേശീയ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തുപകരാനും പ്രാദേശിക വിപണികളില്‍ വില്‍പനസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണു വാണിജ്യമന്ത്രാലയം ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനു രൂപം നല്‍കിയത്. പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അധികൃതര്‍ക്ക് അപ്പപ്പോള്‍ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പുതിയ സംവിധാനം സഹായിക്കും.

വില്‍പനശാലകള്‍, സംഭരണശാലകള്‍, മൊത്തവിതരണക്കാര്‍, ദേശീയ കമ്പനികള്‍, ജനറല്‍ കസ്റ്റംസ് അതോറിറ്റി, വിമാനത്താവള, തുറമുഖ വിഭാഗങ്ങള്‍ എന്നിവയാണ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു വിവരങ്ങള്‍ നല്‍കുക. രാജ്യത്ത് ഏറ്റവുംകൂടുതല്‍ ആവശ്യമായി വരുന്ന അരി, പാല്‍, പഞ്ചസാര, പാചക എണ്ണകള്‍, കോഴിയിറച്ചിയും മുട്ടയും മുതല്‍ കാലിത്തീറ്റ വരെയുള്ള സാധനങ്ങളുടെ വിവരങ്ങളാണ് ഇങ്ങനെ ലഭ്യമാകുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x