Currency

ചെക്ക് കേസ്; കര്‍ശന നടപടിക്കൊരുങ്ങി ഖത്തര്‍

സ്വന്തം ലേഖകന്‍Wednesday, August 7, 2019 11:53 am

ദോഹ: ചെക്കു കേസുകളില്‍ കര്‍ശന നടപടികളുമായി ഖത്തര്‍ ഭരണകൂടം. ചെക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം ജുഡീഷ്യറി കൗണ്‍സിലിലെ ക്രിമിനല്‍ കോടതി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കുമായി ചേര്‍ന്ന് പുതിയ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി മതിയായ തുകയില്ലാതെ നിരന്തരമായി ചെക്ക് മടങ്ങുന്ന കമ്പനികളുടെയും വ്യക്തികളുടെയും കരിമ്പട്ടിക തയ്യാറാക്കും. ഇതില്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ചെക്കിടപാട് തടസ്സപ്പെടുമെന്ന് ക്രിമിനല്‍ കോടതി പ്രഖ്യാപിച്ചു.

ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് പ്രത്യേക സര്‍ക്കുലറയക്കാനും തീരുമാനമായി. കേസുകളില്‍പ്പെടുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള മറ്റ് ശിക്ഷ ക്രിമിനല്‍ കോടതി വിധിക്കും. മതിയായ തുകയില്ലാതെ ചെക്ക് മടങ്ങുകയാണെങ്കില്‍ പീനല്‍ കോഡിലെ 357 വകുപ്പ് പ്രകാരം മൂന്ന് മാസത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷത്തില്‍ കൂടാത്തതുമായ തടവും 3000 റിയാലില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. കൂടാതെ ചെക്കിന് തുല്യമായി റീഫണ്ടിങ് സംവിധാനം പുനരാരംഭിക്കാനും കോടതി തീരുമാനിച്ചു.

സിവില്‍ കോടതയില്‍ കേസ് ഫയല്‍ ചെയ്യാതെ തന്നെ ചെക്ക് കേസിലുള്‍പ്പെട്ട പ്രതി എതിര്‍കക്ഷിക്ക് ചെക്കിന് തുല്യമായ തുകയും ചിലവായ തുകയും നല്‍കുന്ന സംവിധാനമാണ് റീഫണ്ടിങ്. പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 357 പ്രകാരമാണ് ഇത് നടപ്പാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x