Currency

വിദേശികള്‍ക്ക് പൂര്‍ണമായ ഉടമസ്ഥാവകാശം; തീരുമാനം റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുമെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖകന്‍Saturday, August 3, 2019 3:49 pm

ദോഹ: വിദേശികള്‍ക്ക് പൂര്‍ണമായ ഉടമസ്ഥാവകാശം അനുവദിക്കുന്ന ഫ്രീസോണ്‍ മേഖലകള്‍ വര്‍ധിപ്പിക്കാനുള്ള ഖത്തറിന്റെ തീരുമാനം റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുമെന്ന് വിലയിരുത്തല്‍. വെസ്റ്റ് ബേ, പേള്‍ ഖത്തര്‍ എന്നിവിടങ്ങളില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകളാണുള്ളതെന്നും റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഗവേഷകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ഖത്തരികളല്ലാത്തവര്‍ക്കും രാജ്യത്ത് ഉടമസ്ഥാവകാശം സ്വന്തമാക്കാവുന്ന മേഖലകളുടെ എണ്ണം നാലില്‍ നിന്നും പത്തായി ഉയര്‍ത്തിയത്. പുതിയ ആറ് പ്രദേശങ്ങള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചിരുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഖത്തറില്‍ വലിയ സാധ്യതകളാണ് ഫ്രീ സോണ്‍ തുറന്നിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലുസൈല്‍, വെസ്റ്റ്‌ബേ, ഒനൈസ എന്നിവിടങ്ങളില്‍ വന്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തിലും ഈ മേഖലകളില്‍ ഓഫീസുകള്‍ തുടങ്ങുന്നതിനായി നിരവധി ആവശ്യക്കാരാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 55000 സ്‌ക്വയര്‍ മീറ്റര്‍ ഇടങ്ങള്‍ക്ക് ആവശ്യക്കാരുണ്ടായി.

ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് കീഴിലുള്ള വന്‍കിട കമ്പനികളാണ് കൂടുതലായും ആവശ്യക്കാര്‍. മൂന്ന് വര്‍ഷം നീണ്ടുനിന്ന തകര്‍ച്ചയ്ക്ക് ശേഷം താമസവാടക സ്ഥിരത കാണിക്കുന്നതും റിയല്‍ എസ്റ്റേറ്റ് വാണിജ്യ രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. പേള്‍ ഖത്തര്‍ വെസ്റ്റ് ബേ തുടങ്ങിയ ഇടങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ലുസൈല്‍ സിറ്റിയിലെ റസിഡന്‍ഷ്യല്‍ ടവറുകളും ഇപ്പോള്‍ വിപണിയിലെത്തിയിട്ടുണ്ട്. ഖത്തരി ഇതര ഉടമസ്ഥാവകാശ നിയന്ത്രണവും റിയല്‍ എസ്റ്റേറ്റ് ഉപയോഗവും സംബന്ധിച്ച 2018ലെ നിയമം 16 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x