Currency

ഒമാനില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഐസോലേഷന്‍ നിയമത്തില്‍ മാറ്റം; മാര്‍ച്ച് 29 മുതല്‍ നിയമം ബാധകം

സ്വന്തം ലേഖകന്‍Wednesday, March 24, 2021 10:57 am

മസ്‌കത്ത്: ഒമാനിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഐസോലേഷന്‍ നിയമത്തില്‍ മാറ്റം വരുന്നു. താമസത്തിനുള്ള ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമായ സഹാല പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്‌സൈറ്റിന്റെ ഭാഗമായിട്ടാണ് സഹാല പ്ലാറ്റ്‌ഫോമും പ്രവര്‍ത്തിക്കുക. മാര്‍ച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമായിരിക്കും.

യാത്രക്കാരുടെ കൈവശം സഹാല പ്ലാറ്റ്‌ഫോം വഴിയുള്ള ഹോട്ടല്‍ ബുക്കിങ് ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇ-മുഷ്രിഫ് വെബ്‌സൈറ്റില്‍ യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഹോട്ടല്‍ ബുക്കിങ്ങിനുള്ള ഓപ്ഷന്‍ ലഭിക്കുക. ഓരോ ഗവര്‍ണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹോട്ടലുകളിലും ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളിലുമാണ് ബുക്കിങ് സാധ്യമാവുക.

വിവിധ പ്രതിദിന നിരക്കുകളുടെ ഓപ്ഷനുകളാണ് സഹാലയില്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ താല്‍പര്യമുള്ളത് തെരഞ്ഞെടുത്ത ശേഷം തുക ഓണ്‍ലൈനില്‍ തന്നെ അടക്കണം. സഹാലയിലുള്ള ഹോട്ടലുകളില്‍ ഭൂരിപക്ഷവും മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്.

ഹോട്ടല്‍ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലര്‍ രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് കൈവശം വെക്കണമെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി വ്യക്തമാക്കി. മറ്റ് നിയമങ്ങളിലൊന്നും തന്നെ മാറ്റമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x