Currency

ഉപഭോക്താവിന്റെ അവകാശ സംരംക്ഷണം: ഒമാനില്‍ ഇ-കോമേഴ്സ് രംഗത്ത് പുതിയ നിയന്ത്രണം വരുന്നു

സ്വന്തം ലേഖകന്‍Saturday, January 4, 2020 11:29 am

മസ്‌കത്ത്: ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയുള്ള വ്യാപാരത്തില്‍ ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താവിന്റെയും വില്‍പനക്കാരുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം സുല്‍ത്താനേറ്റിന് അകത്തും പുറത്തുമുള്ള വ്യാപാര ഡീലര്‍മാരുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനും മുന്‍തൂക്കം നല്‍കിയുള്ള നിയന്ത്രണങ്ങളാണ് ഇ-കോമോഴ്‌സ് മേഖലയില്‍ പ്രാവര്‍ത്തികമാക്കുകയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിവിധ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രദര്‍ശകരില്‍നിന്നും വില്‍പനക്കാരില്‍നിന്നും വാങ്ങിയ ഉല്‍പന്നങ്ങളെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.

പണമിടപാട് പൂര്‍ത്തിയാക്കിയിട്ടും ഉല്‍പന്നം ലഭിക്കാതിരിക്കുക, വാഗ്ദാനം നല്‍കിയ ഉല്‍പന്നത്തിന് പകരം ഗുണമേന്മ കുറഞ്ഞ വസ്തുക്കള്‍ നല്‍കുക, വ്യാജ വ്യാപാരമുദ്രകളുള്ള ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുക തുടങ്ങിയ പരാതികാണ് ഇ-പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ലഭിച്ചതിലേറെയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍ വെബ്സൈറ്റുകളുടെയും വില്‍പന പ്ലാറ്റ്‌ഫോമുകളുടെയും യാഥാര്‍ഥ്യത്തെക്കുറിച്ച് ശ്രദ്ധിക്കുകയും സംശയാസ്പദമായ ഏതെങ്കിലും സൈറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. വ്യാജ ഉല്‍പന്നങ്ങളുടെ പ്രചാരണം തടയാന്‍ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇ-പ്ലാറ്റ്‌ഫോമുകളില്‍ ഇടപാട് നടത്തുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ കമ്പനികളെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പര്‍ (ഐ.സി.എ.എന്‍.എന്‍) വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകള്‍ പരിശോധിക്കാനും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ച കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര സൈറ്റുകള്‍ പരിശോധിക്കാനും ആ ഓര്‍ഗനൈസേഷന്‍ വഴി തിരയാനും കഴിയും.

നൂതന ഇലക്ട്രോണിക് സംരംഭങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അവക്ക് നിയമപരമായ ചട്ടക്കൂടുകള്‍ രൂപവത്കരിക്കുകയും ചെയ്യുന്ന തത്ത്വം നടപ്പില്‍വരുത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇ-ട്രേഡിനെ പ്രോത്സാഹിപ്പിക്കുന്നതിന് ലോകത്തിലെ മിക്ക രാജ്യങ്ങളും സ്വീകരിച്ച സമീപനം തന്നെയാണിത്. ഇ-കോമേഴ്സ് വകുപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോമേഴ്സ് എന്നിവ വഴി മന്ത്രാലയം ഈ മേഖലയെ ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രോണിക് ചാനലുകള്‍ വഴി വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ഏറ്റവും പുതിയ രീതികള്‍, ആധുനിക സംവിധാനങ്ങള്‍ എന്നിവ വഴി വിനിമയം എളുപ്പമാക്കാനും സുതാര്യമായി ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x