
മസ്‌കത്ത്: ടൂറിസം നിയമത്തിന്റെ എക്‌സിക്യൂട്ടിവ് ചട്ടങ്ങളിലും വ്യവസ്ഥകളിലും ഭേദഗതി വരുത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. 56/2019ാം നിയമ ഭേദഗതി പ്രകാരം ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള റസ്റ്റാറന്റുകളും കഫേകളും ഇനി മുതല്‍ റസ്റ്റാറന്റ് എന്നാകും പൊതുവായി അറിയപ്പെടുക. 200 റിയാലിന്റെ ലൈസന്‍സിങ് ഫീസ് ഉണ്ടായിരിക്കും.
ഒരു ഹോട്ടല്‍ സ്ഥാപനത്തിലുള്ള, വിനോദസഞ്ചാര ലക്ഷ്യത്തിനുള്ള ഭൂമിയില്‍ സ്ഥിതിചെയ്യുന്ന, ഫ്രാഞ്ചൈസി കരാറനുസരിച്ച് പ്രവര്‍ത്തിക്കുന്ന റസ്റ്റാറന്റുകളും കഫേകളും ടൂറിസ്റ്റ് വിഭാഗത്തിന് കീഴിലാക്കാന്‍ മന്ത്രാലയത്തില്‍ നിര്‍ബന്ധമായും അപേക്ഷിക്കണമെന്നും നിയമ ഭേദഗതി സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. മന്ത്രാലയം തീരുമാനിച്ച യോഗ്യതയിലും ഗുണനിലവാരത്തിലും വ്യവസ്ഥകളിലും വേണം റസ്റ്റാറന്റുകള്‍ ചലിപ്പിക്കാന്‍. ഇതിനായി ഹോട്ടലുകളും ടൂറിസം സ്ഥാപനങ്ങളും തങ്ങള്‍ക്ക് കീഴിലുള്ള റസ്റ്റാറന്റ് സ്ഥാപനങ്ങള്‍ നടത്തികൊണ്ടുപോകാന്‍ മാനേജരെ നിയമിക്കണം. ഉപഭോക്താവ് അടച്ച മൊത്തം തുകയുടെ നാലു ശതമാനം മന്ത്രാലയത്തിലേക്ക് അടക്കണം. ടൂറിസം ഫീസ് ഇനത്തിലാണ് ഈ തുക അടക്കേണ്ടത്. മൂന്നു മാസം കൂടുമ്പോള്‍ ഈ തുക മന്ത്രാലയത്തിന് നല്‍കണം.
തുടര്‍ന്നുവരുന്ന മാസത്തിന്റെ അവസാനത്തിന് മുമ്പ് പണം നല്‍കണം. ഫീസ് നല്‍കുന്നതോടൊപ്പം മൊത്ത വരുമാനം കാണിക്കുന്ന വിശദ ബില്ലും സമര്‍പ്പിക്കണം. മന്ത്രാലയത്തിന് പണം നല്‍കുന്നതില്‍ കാലതാമസം വരുത്തിയാല്‍ ആയിരം ഒമാനി റിയാല്‍ പിഴ നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.