Currency

തൊഴിലാളിക്ക് കുറഞ്ഞത് ബിരുദമുണ്ടാകണം; സൗദിയില്‍ ഉപാധികള്‍ കര്‍ശനമാക്കി റിക്രൂട്ടിങ് കമ്പനികള്‍ക്ക് പുതിയ നിയമാവലി

സ്വന്തം ലേഖകന്‍Monday, December 4, 2017 2:02 pm

 

റിയാദ്: സൗദിയില്‍ റിക്രൂട്ടിങ് കമ്പനികളുടെ പ്രവര്‍ത്തനത്തിനുള്ള ഉപാധികള്‍ കര്‍ശനമാക്കി പുതിയ ഭേദഗതികൊണ്ടുവന്നു. സൗദിയിലേക്ക് റിക്രൂട്ടിങ് കമ്പനികള്‍ കൊണ്ടുവരുന്ന തൊഴിലാളിക്ക് കുറഞ്ഞത് ബിരുദമുണ്ടായിരിക്കണമെന്നാണ് പുതിയ നിയമാവലി. മനുഷ്യക്കടത്തും വിസ കച്ചവടവും തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഭേദഗതിക്ക് സൗദി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കി.

സൗദിയില്‍ കമ്പനികള്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഇവര്‍ക്കുള്ള നിയമാവലിയാണ് ഭേദഗതി ചെയ്തത്. അതേസമയം രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ച നിയമാവലിയില്‍ വരുത്തിയ ഭേദഗതിയോട് വിയോജിക്കുന്ന അനുച്ഛേദങ്ങള്‍ ഇതോടെ ദുര്‍ബലപ്പെടുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

റിക്രൂട്ടിങ് കമ്പനി ലൈസന്‍സിന് അപേക്ഷിക്കുന്ന സ്വദേശി സര്‍വകലാശാല ബിരുദധാരിയായിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിയമത്തില്‍ പറയുന്നു. കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി ഉറപ്പുവരുത്തുന്നതാണ് മറ്റൊരു ഭേദഗതി. സ്ഥാപനത്തില്‍ 25 ദശലക്ഷം കെട്ടിവെച്ച മൂലധനമുണ്ടായിരിക്കണം. കമ്പനിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സാധിക്കുന്ന ഇലക്ട്രോണിക് സംവിധാനവും സാമ്പത്തിക വിനിമയങ്ങള്‍ സുതാര്യമായി സൂക്ഷിക്കാനുതകുന്ന പ്രത്യേക ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം.

എന്നാല്‍ ഈ അക്കൗണ്ടില്‍ റിക്രൂട്ടിങുമായി ബന്ധപ്പെട്ടതല്ലാത വിനിമയങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. തൊഴിലാളി ജോലിക്ക് ഹാജരാകാതിരിക്കുകയോ ഒളിച്ചോടുകയോ ചെയ്താല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആറ് മാസം വരെ റദ്ദ് ചെയ്യാന്‍ തൊഴില്‍ മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കും. മാത്രവുമല്ല ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും മന്ത്രാലയത്തിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x