
ദോഹ: ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ 98.6 എഫ്എം പ്രക്ഷേപണം ആരംഭിച്ചു. ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി എന്ന ടാഗ്ലൈനോടെയെത്തിയ റേഡിയോ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ മുഹമ്മദ് ഹാഷിമിന്റെയും രിദ്വാ കാസിമിന്റെയും ഖുര്‍ആന്‍ പാരായണത്തോടെ ഇന്നലെ രാവിലെ ഒന്‍പതു മണി, എട്ടു മിനിറ്റ്, ആറു സെക്കന്ഡിനാണു ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി എന്ന ടാഗ് ലൈനോടെ 98.6 എഫ് എം മലയാളം റേഡിയോ ഔദ്യോഗികമായി പ്രക്ഷേപണം ആരംഭിച്ചത്.
തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി രാഷ്ട്രത്തെ അഭിസംബോധ ചെയത് നടത്തിയ പ്രഭാഷണത്തില്‍ നിന്ന് രാജ്യത്തിന്റെ വികസനത്തില്‍ പ്രാവാസികളും മാധ്യമങ്ങളും വഹിക്കുന്ന പങ്കിനെ കുറിച്ചുള്ള ഭാഗം പ്രക്ഷേപണം ചെയ്തു. തുടര്‍ന്ന് പി. കുമരന് ആശംസകള്‍ നേര്‍ന്നു. ഖത്തര്‍ ദര്‍ശനരേഖ 2030 വികസന നയങ്ങളുടെ ഭാഗമായി ഖത്തര്‍ സാംസ്കാരിക, കായിക മന്ത്രാലയമാണ് പുതിയ റേഡിയോ സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കിയത്. പുതിയ സ്റ്റേഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് ആറിനു ഖത്തര്‍ സാംസ്കാരിക, കായിക മന്ത്രി സാലിഹ് ബിന്‍ ഗാനിം അല്‍ അലി നിര്‍വഹിക്കും.
ഖത്തര്‍ മലയാളികളുമായി ബന്ധപ്പെട്ട വൈജ്ഞാനിക വിനോദ പരിപാടികള്‍ സാങ്കേതികത്തികവോടെ ശ്രോതാക്കളിലെത്തിക്കാന്‍, കേരളത്തിലെ അറിയപ്പെടുന്ന റേഡിയോ അവതാരകരുടെ നിര തന്നെ ദോഹയിലെത്തിയതായി എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. പ്രേക്ഷകര്‍ക്കായി ഒട്ടേറെ മത്സരങ്ങളും സമ്മാനങ്ങളുമായാണ് ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായിയുടെ വരവ് .
എയര്‍പോര്‍ട്ട് റോഡില്‍ ടൊയോട്ട ടവറിനും ആല്മീറയ്ക്കും ഇടയില്‍ മര്‍കസ് അല്‍ മന ബില്‍ഡിങ്ങിലാണു റേഡിയോ ഓഫിസും സ്റ്റുഡിയോകളും പ്രവര്‍ത്തിക്കുന്നത്. പരിപാടികള്‍ക്ക് 44433986 എന്ന നമ്പറിലും, മറ്റു വിവരങ്ങള്‍ക്ക് 44422986 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് സിഇഒ അന്‍വര്‍ ഹുസൈന് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.