
ദോഹ: ഗതാഗത നിയമലംഘനങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ ലംഘകന് ഇനി മുതല്‍ മെട്രാഷ് 2 വഴി പരാതി നല്‍കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ- സേവനമായ മെട്രാഷ് 2 വിലാണ് ഗതാഗതവുമായി ബന്ധപ്പെട്ട പുതിയ 2 സേവനങ്ങള്‍ കൂടി തുടങ്ങിയത്. ഗതാഗത ലംഘനങ്ങളില്‍ തര്‍ക്കമുണ്ടെങ്കില്‍ റജിസ്റ്റര്‍ ചെയ്യാനും ഗതാഗത ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുമുള്ള സേവനങ്ങളാണ് ആരംഭിച്ചത്. നിലവില്‍ ഗുരുതരമല്ലാത്ത റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മെട്രാഷ് 2 വിലുണ്ട്.
ഗതാഗത ജനറല്‍ ഡയറക്ടറേറ്റിലെ ലൈസന്‍സിങ് വകുപ്പാണ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജനറല്‍ ഡയറക്ടറേറ്റിന്റെ പങ്കാളിത്തത്തില്‍ പുതിയ സേവനങ്ങള്‍ തുടങ്ങിയത്. പൊതുജനങ്ങള്‍ക്ക് ഗതാഗത ലംഘനം, ഡ്രൈവിങ് ലൈസന്‍സ്, വാഹന നമ്പര്‍ പ്ലേറ്റുകള്‍, സാങ്കേതിക പരിശോധന, ഗതാഗത അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞ ദിവസം 234 4444 എന്ന നമ്പറും ആരംഭിച്ചിരുന്നു.
നിയമ ലംഘനം റജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ ലംഘനം സംബന്ധിച്ചുള്ള തര്‍ക്കം റജിസ്റ്റര്‍ ചെയ്യണമെന്ന് ഗതാഗത വകുപ്പിലെ ലംഘന വിഭാഗം ഓഫിസിലെ ലഫ.കേണല്‍ മുഹമ്മദ് റാബിയ അല്‍ഖുവാരി. റജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ മറുപടി സന്ദേശം എത്തും. അപേക്ഷ ശരിവച്ചാല്‍ പിഴ റദ്ദാക്കും.
റഡാര്‍, നിരീക്ഷണ ക്യാമറകള്‍ രേഖപ്പെടുത്തുന്നവയും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് റജിസ്റ്റര്‍ ചെയ്യുന്നതുമായ ലംഘനങ്ങളിലും തര്‍ക്കമുണ്ടെങ്കില്‍ അവ അറിയിക്കാം. ഒരു ലംഘകന് ഒന്നിലധികം തവണ തര്‍ക്കം ഉന്നയിക്കാന്‍ പാടില്ല. ലംഘനത്തിന് പിഴ അടച്ചിട്ടുണ്ടെങ്കില്‍ പിന്നെ തര്‍ക്കം പാടില്ല.
കമ്യൂണിക്കേറ്റ് വിത്ത് അസ് എന്ന ഓപ്ഷന് വഴിയാണ് ഗതാഗത ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തി ചിത്രങ്ങളും സ്ഥലവും കൃത്യമായി അയയ്ക്കണം. ഏതെങ്കിലും തരത്തിലുള്ള ഗതാഗത ലംഘനം നടക്കുമ്പോള്‍ സമീപത്ത് പൊലീസ് സാന്നിധ്യമില്ലെങ്കില്‍ വ്യക്തികള്‍ക്ക് ചിത്രങ്ങള്‍ സഹിതം അധികൃതരെ അറിയിക്കാം. ലംഘന വിവരം റജിസ്റ്റര്‍ ചെയ്ത് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.