
മസ്കത്ത്: ഒമാനില്‍ ലഗേജ് നിബന്ധനകളില്‍ മാറ്റം വരുന്നു. വ്യോമയാന വ്യവസായത്തിലെ ആഗോള പ്രവര്‍ത്തനരീതിക്ക് അനുസൃതമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയെന്ന ലക്ഷ്യമിട്ട് സെപ്തംബര്‍ ഒന്നു മുതല്‍ ലഗേജ് നിബന്ധനകളില്‍ മാറ്റം വരുത്തിയതായി വിമാനത്താവള മാനേജ്മെന്റ് കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ലഗേജുകള്‍ ലഭിക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ സംവിധാനം.
പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുകൊണ്ട് കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകള്‍ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്കത്ത്, സലാല, സൊഹാര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും കാബിന് ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും.
സുഗമമായ ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും കൂടുതല്‍ സുരക്ഷാപരിശോധന ആവശ്യമുള്ള ലഗേജുകള്‍ എളുപ്പം ലഭിക്കാനും വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സഹായകരമാകും. ബേബി സ്ട്രോളറുകള്‍, ബൈ സൈക്കിളുകള്‍, വീല്‍ ചെയറുകള്‍, ഗോള്‍ഫ് ബാഗ് എന്നിവ കൊണ്ടുപോകുന്നതിന് നിരോധമില്ലെന്നും അത് അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.