Currency

ഒമാനില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കം; സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Friday, March 19, 2021 12:12 pm

മസ്‌കത്ത്: ഒമാനില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്‌നി. രോഗ വ്യാപനം ഉയരാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദേഹം പറഞ്ഞു.

ഒമാനില്‍ ജുണ്‍ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കും. ഈ വര്‍ഷം അവസാനത്തോടെ 70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കലാണ് ലക്ഷ്യമെന്നും അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്‌നി പറഞ്ഞു. ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കുന്നതിനാണ് ഒമാന്‍ ശ്രമിക്കുന്നത്.

ഹെല്‍ത്ത് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. വാക്‌സിനേഷന്‍ വിവരങ്ങളടക്കം ഇതില്‍ രേഖപ്പെടുത്തിയിരിക്കും. ജനജീവിതം ഈ വര്‍ഷം അവസാനത്തോടെ സാധാരണ നിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഹമ്മദ് അല്‍ ഹുസ്‌നി പറഞ്ഞു.

ഏറ്റവും പുതിയ കണക്കനുസരിച്ച് ഒമാനില്‍ തൊണ്ണൂറായിരത്തിലധികം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നതിന് കഴിഞ്ഞ ദിവസം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ തുടക്കമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x