Currency

ഒമാനില്‍ ഒരു വര്‍ഷത്തെ വിനോദസഞ്ചാര വിസ കൂടുതല്‍ രാജ്യക്കാര്‍ക്ക് അനുവദിക്കാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Wednesday, November 15, 2017 3:34 pm

68 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് അനുവദിച്ചിരിക്കുന്നത്. ഈ വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് ഒരു തവണ ഒരു മാസം എന്ന കണക്കില്‍ രാജ്യത്ത് തങ്ങാനാകും.

 

മസ്‌കത്ത്: രാജ്യത്തിലേക്കുള്ള സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര വിസ അനുവദിക്കുന്നത് കൂടുതല്‍ സുതാര്യമാക്കി. കൂടുതല്‍ വിദേശരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള വിനോദസഞ്ചാര വിസയില്‍ ഒമാനില്‍ സന്ദര്‍ശനം നടത്താന്‍ കഴിയുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഒമാനിലെ വിനോദസഞ്ചാര രംഗത്തെ നിക്ഷേപസാധ്യതകള്‍ കണക്കിലെടുത്താണ് പുതിയ നടപടി.

68 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് അനുവദിച്ചിരിക്കുന്നത്. ഈ വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് ഒരു തവണ ഒരു മാസം എന്ന കണക്കില്‍ രാജ്യത്ത് തങ്ങാനാകും. പത്ത് തെക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളും 19 മറ്റു രാഷ്ട്രങ്ങളും ഈ പുതിയ പട്ടികയിലുണ്ട്.

അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഷെങ്കണ്‍ രാഷ്ട്രങ്ങളില്‍ വിസയുള്ള ഇന്ത്യക്കാര്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്ക് വിനോദസഞ്ചാര വിസയില്‍ ഒമാനില്‍ പ്രവേശിക്കാന്‍ സാധിക്കും. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഈ വിഭാഗത്തില്‍പ്പെടുന്ന യാത്രക്കാരുടെ പക്കല്‍ കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടങ്ങിപ്പോകാനുള്ള വിമാന യാത്രാടിക്കറ്റും ഹോട്ടല്‍ ബുക്കിങും ഉണ്ടായിരിക്കണം.

പുതിയ വിസാ സംവിധാനം ഒമാനിലെ വിനോദസഞ്ചാരരംഗത്ത് വന്‍ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x