
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞമാസം പണപ്പെരുപ്പം വര്‍ധിച്ചു. 2016 ഡിസംബറിനെ അപേക്ഷിച്ച് പണപ്പെരുപ്പം 1.7 ശതമാനം കൂടുതലായിരുന്നു 2017ലെ പണപ്പെരുപ്പം. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2017 നവംബറിനെക്കാള്‍ .07 ശതമാനം കൂടുതലായിരുന്നു ഡിസംബറിലെ പണപ്പെരുപ്പം. വീട്ടുപകരണങ്ങള്‍, ജലം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവക്ക് 1.52 ശതമാനവും ഭക്ഷ്യവസ്തുക്കള്‍, ലഹരിയില്ലാത്ത ശീതളപാനീയങ്ങള്‍ എന്നിവക്ക് 1.84 ശതമാനവും വിലവര്‍ധിച്ചു.
ഗതാഗത മേഖലയില്‍ 2.77 ശതമാനം, വീടലങ്കാരം, വീട്ടുപകരണങ്ങള്‍, വീട് അറ്റകുറ്റപ്പണികള്‍ എന്നിവക്ക് 3.61 ശതമാനം ചെലവ് വര്‍ധനയും രേഖപ്പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ 4.9 ശതമാനവും ഹോട്ടല്‍ മേഖലയില്‍ .06 ശതമാനം വര്‍ധയുമുണ്ടായി. അതേസമയം വാര്‍ത്താവിനിമയം, വസ്ത്രങ്ങള്‍, ചെരുപ്പ് എന്നിവക്ക് വിലക്കുറവ് അനുഭവപ്പെട്ടു. വടക്കന്‍ ബാത്തിനയിലാണ് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പം അനുഭവപ്പെട്ടത്.
വടക്കന്‍ ബാത്തിന 2.71 ശതമാനം, ദാഖിലിയ്യ 1.76 ശതമാനം, തെക്കന്‍ ശര്‍ഖിയ്യ 1.5 ശതമാനം, മസ്കത്ത് 1.4 ശതമാനം, ദാഖിറ 1.32 ശതമാനം, ദോഫാര്‍ 1.24 ശതമാനം ബുറൈമി 0.67 ശതമാനം എന്നിങ്ങനെയാണ് വിവിധ ഗവര്‍ണറേറ്റുകളിലെ പണപ്പെരുപ്പ നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.