Currency

സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ഒമാന്‍

സ്വന്തം ലേഖകന്‍Monday, July 29, 2019 2:27 pm

ഒമാന്‍: സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളില്‍ വിദേശി നിയമനത്തിന് ഏര്‍പ്പെടുത്തിയിരുന്ന താത്ക്കാലിക വിലക്ക് ഒമാന്‍ നീട്ടി. 87 തസ്തികകളിലെ വിസാ വിലക്ക് ആറു മാസത്തേക്ക് കൂടി നീട്ടിയാണ് മാനവവിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറപ്പെടുവിച്ചത്.

2018 ജനുവരിയിലാണ് വിസാ വിലക്ക് ആദ്യമായി പ്രാബല്ല്യത്തില്‍ വന്നത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയുടെ ഭാഗമായി ആറു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് അത് കാലാവധി കഴിയുേമ്പാള്‍ പുതുക്കി വരുകയായിരുന്നു. ഐ.ടി, മീഡിയ, ഫൈനാന്‍സ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സസ്, ആര്‍ക്കിടെക്ചര്‍, ഏവിയേഷന്‍ തുടങ്ങിയ മേഖലകളിലെ വിവിധ തസ്തികകളില്‍ വിദേശികളെ ജോലിക്കെടുക്കുന്നതിനാണ് ഉത്തരവ് പ്രകാരമുള്ള വിലക്ക് ബാധകമാകുന്നത്.

നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതിന് തടസങ്ങളുണ്ടാവുകയുമില്ല. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന തസ്തികകളാണ് വിസാ വിലക്കില്‍ ഉള്‍പ്പെടുന്ന പലതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x