Currency

ഒമാനില്‍ ലോട്ടറി തട്ടിപ്പ്; ഇരയാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകന്‍Monday, February 27, 2017 2:56 pm

ഒട്ടും സംശയത്തിന് ഇടനല്‍കാതെ പേരു വിളിച്ച് ഇംഗ്ലീഷില്‍ നിങ്ങള്‍ക്ക് 20,000 റിയാല്‍ ലോട്ടറി അടിച്ചിരിക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. പണം ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീ അക്കൗണ്ട് നമ്പര്‍ നല്‍കി.

മസ്‌കത്ത്: ഒമാനില്‍ ടെലിഫോണ്‍വഴി ലോട്ടറി തട്ടിപ്പിന് ഇരയാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു. 25 വര്‍ഷമായി ഒമാനില്‍ ക്ലീനിങ് ജോലി ചെയ്ത് വന്നിരുന്ന കൊല്ലം സ്വദേശിനിയാണ് തട്ടിപ്പിന്റെ അവസാനത്തെ ഇരയായത്. 500 റിയാലാണ് തട്ടിപ്പിലൂടെ ഇവര്‍ക്ക് നഷ്ടപ്പെട്ടത്. അതേസമയം മുന്നറിയിപ്പുകള്‍ വ്യാപകമായിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് ഒമാന്‍ടെലില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ ചെയ്തത്. ഒട്ടും സംശയത്തിന് ഇടനല്‍കാതെ പേരു വിളിച്ച് ഇംഗ്ലീഷില്‍ നിങ്ങള്‍ക്ക് 20,000 റിയാല്‍ ലോട്ടറി അടിച്ചിരിക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. പണം ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീ അക്കൗണ്ട് നമ്പര്‍ നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ മതിയായ പണമില്ലെന്നും മിനിമം ബാലന്‍സില്ലാതെ പണം കൈമാറാന്‍ കഴിയില്ലെന്നും തട്ടിപ്പുകാര്‍ പറഞ്ഞതോടെ ഇവര്‍ 240 റിയാല്‍ അക്കൗണ്ടില്‍ ഇട്ടു.

എന്നാല്‍ പ്രൈസ് മണി ട്രാന്‍സ്ഫറാക്കാന്‍ കഴിയുന്നില്ലെന്നും 250 റിയാല്‍ കൂടി ഉടന്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. ലോട്ടറി നല്‍കുന്നത് നാല് കമ്പനികളാണെന്നും സൗദി മൊബൈല്‍ കമ്പനിയുടെ തുക കൂടി കിട്ടണമെങ്കില്‍ 150 റിയാല്‍ കൂടി ഇടണമെന്നുകൂടി ആവശ്യപ്പെട്ടതോടെ തനിക്ക് ലോട്ടറി വേണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ഇവര്‍ അറിയിക്കുകയായിരുന്നു. ഉടന്‍ അക്കൗണ്ടില്‍ പണം തിരിച്ച് എത്തുമെന്ന് തട്ടിപ്പുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ബാങ്കില്‍ മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും പണം വന്നില്ല. ഏറെ കഴിഞ്ഞശേഷം വീണ്ടും വിളിച്ച് 10 റിയാലിന്റെ ഉരീദു കാര്‍ഡ് നമ്പര്‍ അയച്ചുതന്നാല്‍ പണം കിട്ടുമെന്ന് പറഞ്ഞതനുസരിച്ച് അതും അയച്ചുകൊടുത്തെങ്കിലും പിന്നീട് ഫോണ്‍ ഓഫ് ആവുകയായിരുന്നു.

തട്ടിപ്പാണെന്ന് അറിഞ്ഞതോടെ പബ്ലിക് പ്രോസിക്യുഷന് പരാതി നല്‍കുകയും അവരുടെ നിര്‍ദേശമനുസരിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കോടതി നിര്‍ദേശമനുസരിച്ച് അല്‍ ഖുവൈര്‍ പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x