Currency

സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് വിദേശി അധ്യാപകരെ ഒമാന്‍ ഒഴിവാക്കുന്നു; തൊഴില്‍കരാര്‍ പുതുക്കിനല്‍കില്ല

സ്വന്തം ലേഖകന്‍Friday, February 21, 2020 11:03 am

മസ്‌കത്ത്: സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദേശി അധ്യാപകരെ ഒഴിവാക്കാന്‍ ഒമാന്‍ ഒരുങ്ങുന്നതായി സൂചന. വിദേശി അധ്യാപകരുടെ തൊഴില്‍കരാര്‍ പുതുക്കിനല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒമാനികളല്ലാത്ത അധ്യാപകരുടെ 2020-21 വര്‍ഷത്തെ തൊഴില്‍ കരാര്‍ പുതുക്കേണ്ടെന്നാണ് ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ അറിയിച്ചത്. പുതിയ തൊഴില്‍ കരാര്‍ അനുവദിക്കാനും നിലവിലുള്ളത് പുതുക്കാനുമുള്ള സാധ്യതയെ കുറിച്ച് പിന്നീട് തീരുമാനമെടുത്ത് അറിയിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

തൊഴില്‍കരാര്‍ പുതുക്കുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനം താല്‍ക്കാലികമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി മലയാളികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായി ജോലിചെയ്യുന്നത്. ഇവരില്‍ കൂടുതല്‍ പേരും നിസ്‌വയും ബഹ്‌ലയും പോലുള്ള ഉള്‍പ്രദേശങ്ങളിലാണ്. ഈ വര്‍ഷം തൊഴില്‍കരാര്‍ അവസാനിക്കുന്നവരെയാണ് നിലവിലെ ഉത്തരവ് ബാധിക്കുക. ഇത് തുടരുന്നപക്ഷം വരും വര്‍ഷങ്ങളില്‍ വിസ പുതുക്കേണ്ടവരും നാട്ടിലേക്ക് മടങ്ങേണ്ടിവരും.

പത്തും ഇരുപതും വര്‍ഷമായി സര്‍ക്കാര്‍ സര്‍വിസില്‍ ജോലിചെയ്യുന്നവരുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരും കുടുംബമായാണ് താമസിക്കുന്നത്. സെയില്‍സ്, സ്വകാര്യ ആരോഗ്യ മേഖലക്ക് പിന്നാലെയാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ വിസ വിലക്കിന്റെ വാര്‍ത്തയെത്തിയത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ആരോഗ്യ മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്തിരുന്ന മേഖലയായിരുന്നു വിദ്യാഭ്യാസ മേഖല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x