Currency

കൊറോണ; ചൈനയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം, തിരികെ വരുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

സ്വന്തം ലേഖകന്‍Friday, January 31, 2020 12:40 pm

ഒമാന്‍: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സ്വദേശികളും വിദേശികളും ചൈനയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി. മാത്രവുമല്ല ചൈനയില്‍ നിന്ന് തിരികെ വരുന്നവര്‍ അതിര്‍ത്തികളില്‍ നിന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമാണ് യാത്ര പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ഒമാനില്‍ കൈക്കൊണ്ട പ്രതിരോധ നടപടികളും മുന്നൊരുക്ക നടപടികളും അവലോകനം ചെയ്തു. കൊറോണയെ നേരിടാന്‍ ഒമാന്‍ സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ ഗവര്‍ണറേറ്റുകളിലും രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്ക നടപടികള്‍ നടപ്പിലാക്കാന്‍ ആരോഗ്യ ഏജന്‍സികള്‍ സുസജ്ജമാണ്.

ചൈനക്ക് ഒപ്പം മറ്റുരാജ്യങ്ങളിലും രോഗം പടരുന്നുണ്ടെങ്കിലും ഒമാനില്‍ രോഗബാധ സംശയിക്കാവുന്ന ഒരു കേസുകളും ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ മേഖലയും കൊറോണ ബാധയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരുങ്ങിയിരിക്കണമെന്നും മന്ത്രി പറഞ്ഞു. അതിനിടെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x