Currency

ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധന ഈ വര്‍ഷം പ്രാബല്യത്തില്‍ വരും

സ്വന്തം ലേഖകന്‍Wednesday, March 22, 2017 7:50 pm

 

മസ്‌കത്ത്: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വര്‍ധന ഈ വര്‍ഷം മുതല്‍ രാജ്യത്ത് നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. സിഗരറ്റ്, മദ്യം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്കാണ് നികുതി വര്‍ധന. ഇവയ്ക്ക് നൂറു ശതമാനം വരെ നികുതിയില്‍ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സെലക്ടീവ് ടാക്‌സ് എഗ്രിമെന്റ് പ്രകാരമുള്ള നികുതി വര്‍ധനവാണ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

പുകയില, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ പാനീയങ്ങള്‍ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍. എന്നാല്‍ ഭാവിയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താനും സാധ്യത ഉണ്ട്. അമ്പത് മുതല്‍ നൂറു ശതമാനം വരെ നികുതി വര്‍ധനവാണ് വരുന്നത്. പുകയിലക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിനുപുറമെ തുടരുകയും ചെയ്യും. നികുതിയുടെ വിശദവിവരങ്ങള്‍ സെക്രട്ടേറിയറ്റ് ജനറല്‍ ഫോര്‍ ടാക്‌സേഷന്‍ വൈകാതെ പുറത്തുവിടും.

2018ഓടെ ജി.സി.സി രാഷ്ട്രങ്ങളില്‍ മൂല്യവര്‍ധിത നികുതിയും പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. അഞ്ചു ശതമാനം ‘വാറ്റ്’ കൂടി വരുന്നതോടെ പുകയില ഉല്‍പന്നങ്ങള്‍ക്ക് വന്‍ വില വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x