Currency

ഒമാനില്‍ വ്യവസായ, ടൂറിസം മേഖലകളിലെ സ്വദേശിവത്കരണ തോത് പുനര്‍നിര്‍ണയിച്ചു

സ്വന്തം ലേഖകന്‍Sunday, January 13, 2019 10:08 am

മസ്‌കത്ത്: ഒമാനില്‍ വ്യവസായ, ട്രാവല്‍, ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വദേശിവത്കരണ തോത് വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ചരക്കുഗതാഗത മേഖലയിലെ സ്വദേശിവത്കരണ തോതില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും മാനവവിഭവശേഷി മന്ത്രാലയം പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ നാസിര്‍ അല്‍ ഹദ്‌റമിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യവസായമേഖലയില്‍ 2017ല്‍ 32.5 ശതമാനമായിരുന്നു സ്വദേശിവത്കരണ തോത്. ഇത് കഴിഞ്ഞ വര്‍ഷം 33 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം 34 ശതമാനമായും 2020ഓടെ 35 ശതമാനമായും ഉയര്‍ത്താനാണ് പദ്ധതി. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ 2017ല്‍ 41.1 ശതമാനമായിരുന്ന സ്വദേശിവത്കരണം കഴിഞ്ഞ വര്‍ഷം 42.1 ശതമാനമായി ഉയര്‍ത്തിയിരുന്നു. അടുത്തവര്‍ഷം ഇത് 43.1 ശതമാനമായും 2020ഓടെ 44.1 ശതമാനമായും ഉയര്‍ത്തും. ചരക്കുഗതാഗത മേഖലയില്‍ 2017ല്‍ 14 ശതമാനമായിരുന്നത് കഴിഞ്ഞവര്‍ഷം 18 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇത് ഈ വര്‍ഷവും തുടരും. അടുത്ത വര്‍ഷം 20 ശതമാനമായിരിക്കും ഈ മേഖലയിലെ സ്വദേശിവത്കരണം.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് കര്‍ശനമായ നയങ്ങളാണ് ഒമാന്‍ നടപ്പാക്കിവരുന്നത്. സെയില്‍സ്/മാര്‍ക്കറ്റിങ് തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ക്ലീനര്‍മാര്‍, ആശാരി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 2013 അവസാനം മുതല്‍ താല്‍ക്കാലിക വിസ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കിവരുകയാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഏര്‍പ്പെടുത്തിയ പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിലെ താല്‍ക്കാലിക വിസ നിരോധനത്തിന്റെ കാലാവധിയും നീട്ടാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

25നും 29നും ഇടയില്‍ പ്രായമുള്ള ഒമാനികളിലെ തൊഴിലില്ലായ്മ നവംബറില്‍ 13.6 ശതമാനം കുറഞ്ഞതായി അടുത്തിടെ പുറത്തിറങ്ങിയ ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലമായാണ് തൊഴില്‍രഹിതരുടെ എണ്ണത്തിലെ ഈ കുറവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x