
ഒമാന്‍: സ്വകാര്യ മേഖലയില്‍ വിദേശതൊഴിലാളികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് മജ്ലി ശൂറയില്‍ നിര്‍ദ്ദേശം. ഒമാനില്‍ ഒളിച്ചോടുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങി നിരവധി വിഷയങ്ങളും മാനവ വിഭവശേഷി മന്ത്രിയുമായുള്ള ശൂറയുടെ സെഷനില്‍ പരിഗണനയ്ക്ക് വന്നു. എന്നാല്‍ തൊഴില്‍ മാര്‍ക്കറ്റിന്റെ ക്രമപ്പെടുത്തല്‍ മാനവ വിഭവശേഷി വകുപ്പിന്റെ മാത്രം വിശേഷാധികാരമല്ലെന്ന്, മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ അല്‍ ബക്രിക്ക് മറുപടി നല്കി. തൊഴില്‍ മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയാന്‍ എല്ലാ വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്, പ്രത്യേകിച്ച് വേതനത്തിന് ആനുപാതികമല്ലാത്ത തുക അയയ്ക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. നിലവില്‍ ഓരോ വര്‍ഷവും ശരാശരി 11 ശതകോടി ഡോളറാണ് ഒമാനില്‍ നിന്ന് പുറത്തേക്ക് അയയ്ക്കുന്നത്. നിലവില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 81.8 ശതമാനവും വിദേശികളാണ്. വിദേശികളുടെ ഒഴുക്ക് തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം ജനസംഖ്യയുടെ 60 മുതല്‍ 65 ശതമാനം വരെ വിദേശികള്‍ ആയി തീരും.
ജനസംഖ്യയുടെ മുപ്പത് ശതമാനത്തിലധികം വിദേശി ജനസംഖ്യ ഉയരരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ നിലവില്‍ വിദേശികളുടെ എണ്ണം ഇതിലും ഉയരത്തിലാണ്. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് നിര്‍മാണ മേഖലയില്‍ വിദേശതൊഴിലാളികളെ കൂടുതലായി വേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ മേഖലയിലെ തൊഴിലിനോട് സ്വദേശികള്‍ താല്പര്യമെടുക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.