Currency

മസ്‌കത്തില്‍ വേതനസംരക്ഷണ സംവിധാനം ഈ മാസം മുതല്‍ നിലവില്‍ വരും

സ്വന്തം ലേഖകന്‍Wednesday, November 8, 2017 7:45 am

മസ്‌കത്ത്: വേതന സംരക്ഷണ പദ്ധതി നവംബര്‍ മുതല്‍ നിലവില്‍ വരും. മാനവ വിഭവശേഷി മന്ത്രാലയം സെന്‍ട്രല്‍ബാങ്കിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. പുതിയ സംവിധാനത്തിലേക്ക് മാറാന്‍ കമ്പനികള്‍ക്ക് മൂന്ന് മാസത്തെ സമയപരിധി ലഭ്യമാകുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഒമാനിലെ എല്ലാ ബാങ്കുകളുമായും ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി നിലവിലുള്ള വേതനസംരക്ഷണ സംവിധാനത്തിന്റെ നവീകരിച്ച രൂപമാണ്.

തൊഴിലാളികള്‍ക്ക് കരാര്‍ പ്രകാരമുള്ള ശമ്പളം കൃത്യസമയത്തിന് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പില്‍ വരുത്തുന്നത്. തൊഴിലാളികളുടെ വേതനം ബാങ്ക് കൈമാറുന്നതിന് ഏകീകൃത രൂപം ഉറപ്പുവരുത്തുന്ന പുതിയ സംവിധാനത്തിന്റെ വിജയത്തിന് എല്ലാ കമ്പനികളും സഹകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. അക്കൗണ്ട് ഉള്ള ബാങ്ക് ശാഖകള്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് തൊഴിലുടമകള്‍ ഉറപ്പുവരുത്തണം. നവംബര്‍ മാസത്തെ വേതനം മുതല്‍ ഇതിന് കീഴില്‍ വിതരണം ചെയ്യാന്‍ കമ്പനികള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രാലയം കമ്പനികളെ അറിയിച്ചു.

ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും നിയമയുദ്ധങ്ങളും ഒഴിവാക്കാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായകരമാകും. മൊത്തം തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഒപ്പം സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് സര്‍ക്കാറിന് കൃത്യമായ ധാരണയുണ്ടാക്കാനും ഇതുവഴി സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x