
മസ്‌കത്ത്: ഒമാന്‍ എയര്‍പോര്‍ട്ടുകളില്‍ നിരോധിച്ച രൂപത്തിലുള്ള ലഗേജുകള്‍ക്ക് ഇനി പ്രത്യേക നിരക്ക് ഈടാക്കും. മസ്‌കത്ത്, സലാല, സൊഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ പ്രത്യേക തരത്തിലുള്ള ലഗേജുകള്‍ നിരോധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നു മുതലാണ് പ്രത്യേക നിരക്ക് പ്രാബല്യത്തില്‍ വന്നത്.
ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരന്ന രൂപത്തിലല്ലാത്ത ബാഗുകളുമായി എത്തുന്നവരും അനുയോജ്യമായ സ്യുട്ട്‌കേസുകളോ ട്രാവല്‍ ബാഗുകളിലോ റീ പാക്ക് ചെയ്യേണ്ടി വരും. ബേബി സ്‌ട്രോളറുകള്‍, ബൈ സൈക്കിളുകള്‍, വീല്‍ ചെയറുകള്‍, ഗോള്‍ഫ് എന്നിവക്ക് നിരോധനമില്ല.
നിയന്ത്രണം ഏര്‍പ്പെടുത്തിയ തരത്തിലുള്ള ലഗേജുകളുമായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് നേരത്തെ സൗജന്യമായാണ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ നല്‍കിയിരുന്നത്. ചെറിയ പെട്ടികള്‍ക്ക് 2.5 റിയാലും വലിയ പെട്ടികള്‍ക്ക് നാല് റിയാലുമാണ് നിരക്ക് ഈടാക്കുകയെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വ്യക്തമാക്കി. അധികൃതര്‍ നല്‍കുന്ന പെട്ടിയിലേക്ക് സാധനങ്ങള്‍ മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര തുടരാന്‍ അനുവദിക്കുകയുള്ളൂ. വിമാനത്താവളത്തിലെ നടപടികള്‍ സുഗമമാക്കുന്നതിന് രാജ്യാന്തര നിയമങ്ങള്‍ കൊണ്ടുവരികയാണ് ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.