
മസ്‌കത്ത്: ഒമാനില്‍ പുതിയ ശിശു സംരക്ഷണ നിയമം നിലവില്‍ വന്നു. കുട്ടികളുടെ സംരക്ഷണം, നഴ്‌സറികള്‍ സ്ഥാപിക്കല്‍, കുട്ടികളെ ദത്തെടുക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള വിവിധ വ്യവസ്ഥകളോടെയുള്ളതാണ് പുതിയ നിയമം. 15 വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. 15 വയസിന് മുകളിലുള്ളവരെ കാര്‍ഷികം, മത്സ്യബന്ധനം, വ്യവസായം, കരകൗശലം, അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ക്ക് മാത്രമേ നിയോഗിക്കാന്‍ പാടുള്ളൂ.
സര്‍ക്കാര്‍- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചികിത്സാ സഹായത്തിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കിയിരിക്കണമെന്ന് നിയമം നിര്‍ദേശിക്കുന്നു. യോഗ്യതയുള്ള നഴ്‌സായിരിക്കണം ഇത് ചെയ്യേണ്ടത്. ഓരോ കുട്ടികളുടെയും ഹെല്‍ത്ത് റെക്കോര്‍ഡ് സ്‌കൂളില്‍ സൂക്ഷിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആരോഗ്യ പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തണം. ഒപ്പം കുട്ടികളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കണം. നവജാത ശിശുക്കള്‍ക്കും ചെറിയ കുട്ടികള്‍ക്കുമുള്ള ഭക്ഷണം അംഗീകൃത മാനദണ്ഡ പ്രകാരമുള്ളതാകണമെന്നും നിയമത്തിന്റെ ആറാം വകുപ്പ് നിര്‍ദേശിക്കുന്നു.
കുട്ടികള്‍ക്ക് ദോഷകരമായതും ശരീരത്തിനെ വികലമാക്കുന്നതും മരണത്തിന് വരെ കാരണമായേക്കുകയും ചെയ്യാവുന്ന പരമ്പരാഗത രീതികള്‍ക്കോ കര്‍മങ്ങള്‍ക്കോ അവരെ വിധേയമാക്കരുതെന്നും നിയമം നിര്‍ദേശിക്കുന്നു. കുട്ടികള്‍ക്കുള്ള സിനിമകളുടെ സ്‌ക്രീനിങിന് മുമ്പ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.