
ഒമാന്: ഖത്തറും ഒമാനും സംയുക്ത വിസാ കരാറില്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ പ്രകാരം 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൊതുവായ ടൂറിസ്റ്റ് വിസയില്‍ ഈ രണ്ട് രാഷ്ട്രങ്ങളും സന്ദര്‍ശിക്കാം. ഇന്ത്യക്കാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. അതേസമയം വിസാ കാലാവധിയില്‍ ഒമാനിലോ ഖത്തറിലോ ആയിരിക്കണം താമസിക്കേണ്ടത്. ഏതെങ്കിലും ഒരു രാജ്യത്ത് നിന്ന് പുറത്തുപോയാല്‍ പുതിയ വിസ എടുക്കേണ്ടിവരും. മുപ്പത് ദിവസമാണ് ഒരു വിസയുടെ കാലാവധി. ഇത് പിന്നീട് മുപ്പത് ദിവസം കൂടി നീട്ടാന്‍ സാധിക്കും.
ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിനും ഒപ്പം സഞ്ചാരികളുടെ സുഗമമായ യാത്ര സാധ്യമാക്കുന്നതും കൂടി ലക്ഷ്യമിട്ടാണ് സംയുക്ത വിസാ കരാറില്‍ ഒപ്പുവെച്ചതെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. രണ്ട് രാഷ്ട്രങ്ങളും അംഗീകരിച്ച പട്ടികയിലുള്ള രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കാണ് സംയുക്ത വിസക്ക് അര്‍ഹതയുണ്ടാവുക. ഖത്തറില്‍ അനുവദിച്ച ടൂറിസ്റ്റ് വിസയുള്ള വിദേശ പൗരന് ഫീസൊന്നും നല്‍കാതെ ഒമാന്‍ സന്ദര്‍ശിക്കാം. ഒമാന് മുമ്പ് മറ്റൊരു രാഷ്ട്രവും സന്ദര്‍ശിക്കരുതെന്ന നിബന്ധനയുണ്ട്.
ജോയിന്റ് വിസ ആവശ്യമുള്ളവര്‍ പ്രത്യേകം അപേക്ഷ നല്‍കുകയും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ്/ സീല്‍ പതിക്കുകയും വേണം. ഒമാനില്‍ നിന്ന് അനുവദിക്കുന്ന ജോയിന്റ് വിസക്ക് 20 റിയാലും ഖത്തറില്‍ നിന്ന് അനുവദിക്കുന്നതിന് നൂറ് റിയാലുമാണ് ഫീസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.