Currency

ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളില്‍ ഭൂരിപക്ഷവും വിദേശികള്‍

സ്വന്തം ലേഖകന്‍Tuesday, January 3, 2017 11:32 am

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളില്‍ ഭൂരിപക്ഷവും വിദേശികളെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 26,655 പേരാണ് വിവിധ കേസുകളില്‍ പിടിയിലായത്. ഇതില്‍ 52 ശതമാനം പേര്‍ വിദേശികളാണെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 13,798 പേരാണ് വിദേശ കുറ്റവാളികള്‍. ഇതില്‍ 12,154 പേരും പുരുഷന്മാരാണ്. 12,205 സ്വദേശി കുറ്റവാളികളില്‍ 652 പേര്‍ മാത്രമാണ് സ്ത്രീകള്‍. 2014നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണം 17 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 18,860 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

2014ല്‍ 22,624 കേസുകളിലായി 27,012 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2013ലാകട്ടെ മൊത്തം 26,602 കേസുകളാണ് രാജ്യത്തുണ്ടായത്. മൂന്നില്‍ രണ്ട് കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മസ്‌കറ്റ്, വടക്കന്‍ ബാത്തിന, ദോഫാര്‍ ഗവര്‍ണറേറ്റുകളിലാണ്. മുസന്ദമിലും അല്‍ വുസ്തയിലുമാണ് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക്. ഒരു ശതമാനം വീതം കുറ്റകൃത്യങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അല്‍ ബുറൈമി ഗവര്‍ണറേറ്റിലാണ് ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യ നിരക്ക്. ആയിരം പേരില്‍ 30 പേര്‍ എന്ന നിരക്കില്‍ ഇവിടെ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

യു.എ.ഇ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ താമസ, കുടിയേറ്റ നിയമലംഘനത്തിന് ഇവിടെ നിന്ന് പിടിയിലാകുന്നവരുടെ എണ്ണത്തിലെ വര്‍ധനവാണ് ഇതിന് പ്രധാന കാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x