ഒമാന്‍: ആറുമാസത്തില്‍ കൂടുതല്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ താമസ വിസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമത്തില്‍ മാറ്റം. റോയല്‍ ഒമാന്‍ പൊലീസിന്റെ എന്‍.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കി. എന്‍.ഒ.സിക്ക് പകരം സനദ് സെന്ററുകള്‍ വഴി വിസയുടെ പ്രവേശനാനുമതി പുതുക്കി നല്‍കുകയാണ് ചെയ്യുക. ഇതിന് ശേഷം ലഭിക്കുന്ന വിസയുടെ പകര്‍പ്പ് യാത്രക്കാരന്‍ കൈവശം വെച്ചാല്‍ മതിയാകും.
സ്‌പോണ്‍സറുടെ അല്ലെങ്കില്‍ കമ്പനിയുടെ ചുമതലപ്പെട്ടയാളുടെ തിരിച്ചറിയല്‍ കാര്‍ഡ്, ഒമാനിലേക്ക് വരാനുള്ളയാളുടെ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് സനദ് സെന്ററുകളിലെത്തി അപേക്ഷിക്കേണ്ടത്. ആദ്യം കമ്പനി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് തൊഴിലാളിക്ക് തിരികെ വരുന്നതിനുള്ള സ്‌പോണ്‍സറുടെ സമ്മതം ഓട്ടോമാറ്റിക്കായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ശേഷം പ്രവേശനാനുമതി പുതുക്കിയ വിസ ലഭിക്കുകയും ചെയ്യും.
സ്‌പോണ്‍റുടെയോ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടയാളുടെയോ അറിവോടെയാണ് വിദേശ തൊഴിലാളി തിരിച്ചുവരുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഈ സംവിധാനമെന്ന് പാസ്‌പോര്‍ട്‌സ് ആന്റ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.