Currency

ഒമാനില്‍ വൈദ്യുതി മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ പദ്ധതി; 90 ശതമാനമായി ഉയര്‍ത്തും

സ്വന്തം ലേഖകന്‍Wednesday, March 31, 2021 11:23 am

ഒമാന്‍: വൈദ്യുതി മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാന്‍. ജല, വൈദ്യുതി മേഖലകള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള നിയമത്തിലെ 22ആം വകുപ്പ് പ്രകാരമാണ് നടപടി.

ഒമാനില്‍ വൈദ്യുതി വിതരണ ലൈസന്‍സുള്ള സ്ഥാപനങ്ങളുമായി സ്ഥിരം കരാറുള്ള സബ് കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങളിലെ തസ്തികകള്‍ സ്വദേശിവത്കരിക്കാനാണ് പദ്ധതി. നിലവില്‍ വൈദ്യുതി മേഖലയില്‍ 47 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. പരിശീലന പദ്ധതിക്ക് ശേഷം ഇത് 90 ശതമാനമായി ഉയര്‍ത്തും. നിരവധി മലയാളികളും വൈദ്യുതി മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്.

പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ അതോറിറ്റി ഊര്‍ജ- ധാതു മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, നമാ ഹോള്‍ഡിങ് കമ്പനി എന്നിവയുമായി ചേര്‍ന്നാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

വിവിധ സാങ്കേതിക തസ്തികകളിലേക്ക് 800 സ്വദേശികളെ കണ്ടെത്തി പരിശീലനം നല്‍കി നിയമിക്കും. നമാ ഹോള്‍ഡിങ് കമ്പനിയാണ് വൈദ്യുതി വിതരണ കമ്പനികളും തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുകയും പരിശീലനം നല്‍കി വിവിധ തസ്തികകളില്‍ നിയമിക്കുകയും ചെയ്യുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x