മസ്‌കത്ത്: ഒമാനില്‍ മൂല്യവര്‍ധിത നികുതി ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും. 488 അവശ്യ ഭക്ഷ്യവസ്തുക്കള്‍, വിവിധ സേവന വിഭാഗങ്ങള്‍ എന്നിവയെ വാറ്റില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ മേഖല, വിദ്യാഭ്യാസം, യാത്ര ചെലവുകള്‍, താമസ ഇടങ്ങള്‍ വില്‍ക്കുന്നതും വാടകയ്ക്ക് കൊടുക്കുന്നതും അടക്കം നിരവധി ഇനങ്ങളെ വാറ്റില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്. വാറ്റിന്റെ മറവിലെ അനധികൃത വിലവര്‍ധനവും, കമ്പനികളും വ്യക്തികളും മൂല്യ വര്‍ധിത നികുതി ലംഘിക്കുന്നതു തടയാനും മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഒമാന്‍ ടാക്സ് അതോറിറ്റി അറിയിച്ചു.
വാറ്റ് നിലവില്‍ വരുന്നതോടെ ലോകത്ത് ഈ സംവിധാനമേര്‍പ്പെടുത്തിയ 160 രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഇടംപിടിക്കും. വാറ്റിന്റെ ഭാരം ഉപഭോക്താക്കള്‍ക്കാണുണ്ടാകുക. അഞ്ച് ശതമാനം മാത്രമാണ് വാറ്റ് എന്നത് സുല്‍ത്താനേറ്റിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും. ഭക്ഷ്യവസ്തുക്കളടക്കം 500 ഓളം ഇനങ്ങള്‍ക്ക് വാറ്റുണ്ടാകില്ല. അതിനാല്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റമുണ്ടാകില്ല.
വാറ്റ് പ്രക്രിയ തെറ്റായി നടത്തിയാലോ നികുതിയടച്ചില്ലെങ്കിലോ പിഴ ലഭിക്കും. വാറ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാവരും ടാക്‌സ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. റജിസ്ട്രേഷന് സമയം കഴിഞ്ഞാല്‍ 5000 മുതല്‍ 20,000 ഒമാനി റിയാല്‍ വരെ പിഴയീടാക്കും.
ജിസിസി രാഷ്ട്രങ്ങളുടെ ഏകോപിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒമാനും വാറ്റ് പ്രഖ്യാപിച്ചത്. 2018ല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വാറ്റ് വിവിധ കാരണങ്ങളെ തുടര്‍ന്ന് 2021ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.