
മസ്കത്ത്: രാജ്യത്തെ വിദേശികളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമം കര്‍ശനമാക്കണമെന്ന നിര്‍ദേശവുമായി ശൂറ, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ഇതുസംബന്ധിച്ച നിയമം നിരവധിപേര്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗങ്ങള്‍ ആവശ്യം ശക്തമാക്കിയത്.
മാളുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രതീക്ഷിക്കുന്ന വസ്ത്രധാരണ രീതി വിദേശികള്‍ പാലിക്കുന്നില്ലെന്ന് മത്ര മുനിസിപ്പല്‍ അഫയേഴ്സ് കമ്മിറ്റി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തെപ്പറ്റി എല്ലാ തലങ്ങളിലുള്ള നിയമമോ തീരുമാനമോ വേണമെന്ന് നിര്‍ദേശിച്ചു. രാജ്യത്തെ വിദേശികള്‍ ഒമാന്റെ സംസ്കാരവും പാരമ്പര്യവും മാനിക്കണമെന്നും പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും ഇതു സംബന്ധമായ നിയമങ്ങള്‍ പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
മിക്ക ഷോപ്പിങ് മാളുകളുടെയും പ്രവേശന കവാടങ്ങളില്‍ ഒമാനി പാരമ്പര്യത്തെ മാനിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒമാന്‍ പീനല്‍ കോഡ് പ്രകാരം പൊതു സ്ഥലങ്ങളില്‍ ശരിയായ രീതിയില്‍ വസ്ത്രധാരണം നടത്താത്തത് ഒരു മാസം മുതല്‍ മൂന്നു മാസം വരെ തടവുശിക്ഷയും 100 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ബോധപൂര്‍വം ഒമാന്‍ പാരമ്പര്യത്തിനും സംസ്കാരത്തിനും യോജിക്കാത്ത വസ്ത്രധാരണം നടത്തി പൊതു റോഡുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആര്െക്കതിരെയും ഈ നടപടി എടുക്കാവുന്നതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.