
മസ്‌കത്ത്: ഒമാന്റെ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വര്‍ഷവും അതിവേഗം വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആഭ്യന്തര ഉല്‍പാദനത്തില്‍ 2.8 ശതമാനത്തിന്റെ വളര്‍ച്ചയാകും കൈവരിക്കുക. അടുത്ത വര്‍ഷം മൂന്നര ശതമാനം വളര്‍ച്ച നേടുമെന്നും ഫിച്ച് റേറ്റിങ്‌സിന്റെ ബി.എം.ഐ റിസര്‍ച്ച് വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യം എണ്ണ, പ്രകൃതി വാതക കയറ്റുമതി വര്‍ധിപ്പിച്ചതും സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചതുമാണ് വളര്‍ച്ചക്ക് വഴിയൊരുക്കുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എണ്ണവില ഇനിയും വര്‍ധിക്കുന്നതോടെ സര്‍ക്കാറിന്റെ ചെലവ് ചെയ്യല്‍ വര്‍ധിക്കും. ഇത് സാമ്പത്തിക വൈവിധ്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എണ്ണ വില വര്‍ധിക്കുന്നതോടെ നിര്‍മാണ, ചരക്കുഗതാഗത, വിനോദ സഞ്ചാര മേഖലകളില്‍ നിക്ഷേപം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഒമാന്‍ അസംസ്‌കൃത എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കും. ഒപെക് അംഗരാജ്യങ്ങളുടെ വിയന സമ്മേളന തീരുമാന പ്രകാരമാണ് ഉല്‍പാദനത്തില്‍ വര്‍ധന വരുത്തുക.
കസാനില്‍ നിന്നുള്ള പ്രകൃതിവാതക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതും സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവും. എണ്ണവില വര്‍ധനവും ഉല്‍പാദന വര്‍ധനവും സര്‍ക്കാറിന് ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അടുത്ത വര്‍ഷങ്ങളില്‍ ഒമാന്റെ നിര്‍മാണ മേഖലയിലുള്ള വളര്‍ച്ച മറ്റു ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലായിരിക്കും. എണ്ണവിലയിലെ വര്‍ധന രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വളര്‍ച്ചക്കാകും വഴിയൊരുക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.