
മസ്‌കത്ത്: ഒമാനില്‍ അടുത്തമാസം മുതല്‍ ടൂറിസം, വ്യവസായം, ലോജിസ്റ്റിക്‌സ് മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികളുടെ അടുത്തഘട്ടമാണിത്. 2020ല്‍ ടൂറിസം മേഖലയില്‍ 44.1% സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് മാനവശേഷി മന്ത്രാലയ തീരുമാനം. ലോജിസ്റ്റിക്‌സ്, വ്യവസായ മേഖലകളില്‍ യഥാക്രമം 20%, 35% എന്നിങ്ങനെയും.
ഈ മേഖലകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ധാരാളം ജോലിചെയ്യുന്നുണ്ട്. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ മുഖ്യമായും കേന്ദ്രീകരിക്കുന്ന 3 മേഖലകളാണിത്. ഭാവിയില്‍ ഈ രംഗങ്ങളില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകും. ഇതു പൂര്‍ണമായും സ്വദേശികള്‍ക്കു സംവരണം ചെയ്യും. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ പ്രമുഖ കമ്പനികളില്‍ സ്വദേശികള്‍ക്ക് പരിശീലനത്തിന് സൗകര്യമൊരുക്കാനും മാനവശേഷി മന്ത്രാലയം ആലോചിക്കുന്നു.
സ്വദേശികള്‍ക്ക് നിയമപ്രകാരമുള്ളതോ അതില്‍ കൂടുതലോ നിയമനം നല്‍കുന്ന കമ്പനികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കും. ഈ കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. സ്വദേശിവല്‍ക്കരണ ചട്ടങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകും. കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. നിശ്ചിത കാലാവധി കഴിഞ്ഞും സ്വദേശി പ്രാതിനിധ്യം ഉറപ്പുവരുത്തിയില്ലെങ്കില്‍ പിഴ നല്‍കണം.
സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയതോടെ ഒമാനില്‍ നിന്നു മടങ്ങുന്ന വിദേശികളുടെ എണ്ണം കൂടുകയാണെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം മേയ് മുതല്‍ ഈ വര്‍ഷം മേയ് വരെ 65,397 പേര്‍ രാജ്യം വിട്ടതായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.