Currency

ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; നൂറു കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

സ്വന്തം ലേഖകന്‍Monday, July 6, 2020 1:07 pm

മസ്‌കറ്റ്: സ്വദേശിവല്‍ക്കരണം ഊര്‍ജിതപ്പെടുത്തി കൊണ്ട് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം. ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, സൈക്കോളജിസ്റ്റ്, സാമൂഹ്യശാസ്ത്ര വിദഗ്ദ്ധന്‍ തുടങ്ങി 11 തസ്തികള്‍ സ്വദേശിവല്‍ക്കരിച്ച് കൊണ്ടാണ് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഇതുമൂലം ഒമാനിലുള്ള നൂറു കണക്കിന് പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങേണ്ടി വരും.

സ്വദേശികള്‍ക്ക് രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഈ തസ്തികയില്‍ തൊഴില്‍ ചെയ്തുവരുന്ന വിദേശികള്‍ വിസ കാലാവധി കഴിയുമ്പോള്‍ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.

കാലാവധി പൂര്‍ത്തീകരിക്കുന്ന ഈ വിസകള്‍ പുതുക്കി നല്‍കുകയില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. ഒമാനിലെ മത്സ്യബന്ധന, ഖനന മേഖലകളിലും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. നിലവില്‍ ഈ മേഖലകളില്‍ 15 % മാണ് സ്വദേശിവത്കരണ തോത്. ഇത് 35 ശതമാനമായി ഉയര്‍ത്തുവാനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

വിനോദസഞ്ചാര മേഖലയില്‍ സ്വദേശിവത്കരണം ഈ വര്‍ഷം 44.1 ശതമാനം പാലിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചരക്കുനീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചുവരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x