Currency

ഒമാനിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം; ആറ് മേഖലകളില്‍ വിദേശികള്‍ക്ക് വിലക്ക്

സ്വന്തം ലേഖകന്‍Monday, January 25, 2021 11:49 am

മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ തസ്തികകളില്‍ സ്വദേശിവത്കരണം. വിദേശികള്‍ക്ക് ആറ് മേഖലകളിലെ ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഷൂറന്‍സ് കമ്പനികളിലെയും ഇന്‍ഷൂറന്‍സ് ബ്രോക്കറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലെയും ഫൈനാന്‍ഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ ആദ്യത്തെ വിഭാഗം. ഷോപ്പിങ് മാളുകള്‍ക്ക് ഉള്ളിലെ സ്ഥാപനങ്ങളിലെ വില്‍പന, അക്കൗണ്ടിങ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനസ്‌ട്രേഷന്‍, സാധനങ്ങള്‍ തരംതിരിക്കല്‍ തുടങ്ങിയ ജോലികളിലും വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

വാഹന ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിങ്, പഴയതും പുതിയതുമായ വാഹനങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകള്‍ എന്നിവയും സ്വദേശിവത്കരിച്ചിട്ടുണ്ട്. കാര്‍ ഏജന്‍സികളിലെ പഴയതും പുതിയതുമായ വാഹന വില്‍പനയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടിങ് ജോലികളിലും ആട്ടോ ഏജന്‍സികളിലെ പുതിയ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് വില്‍പനയുമായി ബന്ധപ്പെട്ട തസ്തികകളിലും വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി മന്ത്രിതല ഉത്തരവില്‍ പറയുന്നു. ഡ്രൈവിങ് ജോലികളിലും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x