
മസ്‌കത്ത്: ഒമാന്റെ നടപ്പുവര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിച്ച കമ്മി കുത്തനെ കുറയുന്നു. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ തുടങ്ങിയതാണ് ഒമാന്റെ സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവുന്നത്. ഇതേ അവസ്ഥയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കമ്മിരഹിത ബജറ്റായി ഈ വര്‍ഷത്തെ ബജറ്റ് മാറുമെനും നിലവിലെ അവസ്ഥ ഒമാന്‍ സാമ്പത്തിക മേഖലക്ക് ഏറെ അനുകൂലമാണെന്നും ഒ.എം ഇന്‍വെസ്റ്റ് (ഒമാന്‍ ഇന്‍വെസ്റ്റ്) ചെയര്‍മാന്‍ ശൈഖ് ഖാലിദ് മുഹമ്മദ് അല്‍ സുബൈര്‍ പറഞ്ഞു.
2016 മുതല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഒമാനും ജി.സി.സി രാജ്യങ്ങളും മോചനം നേടിവരുകയാണ്. 2018ല്‍ സാമ്പത്തിക മേഖലയില്‍ എടുത്തുപറയാന്‍ പറ്റുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും ലക്ഷ്യം നേടിയെന്ന് പറയാന്‍ കഴിയില്ലെന്നും ഇനിയും ഏറെ മുന്നോട്ടുപോവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഒമാന്‍ സാമ്പത്തിക മേഖല മൂന്നു ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം വികസനാത്മക ബജറ്റാണ് അവതരിപ്പിച്ചത്. ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്നത് എണ്ണയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ ബാരലിന് 45 ഡോളറായിരുന്നു വില. ഇപ്പോള്‍ എണ്ണവില ബാരലിന് 75 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.