Currency

പ്രബലമായ പാസ്‌പോര്‍ട്ട്: ഒമാന്‍ 64ാമത്, വിസയില്ലാതെ സന്ദര്‍ശിക്കാവുന്നത് 79 രാഷ്ട്രങ്ങളിലേക്ക്

സ്വന്തം ലേഖകന്‍Thursday, January 9, 2020 11:25 am

മസ്‌കത്ത്: ലോകത്തിലെ ഏറ്റവും പ്രബലമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒമാന് നേട്ടം. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് വര്‍ഷാവര്‍ഷം സര്‍വേ നടത്തുന്ന സംഘടനയായ ‘ഹെന്‍ലെ ആന്‍ഡ് പാര്‍ട്ണര്‍’ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പ്രകാരം ആഗോള തലത്തില്‍ 64ാം സ്ഥാനമാണ് ഒമാന് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒമാന്‍ മൂന്നു സ്ഥാനം മുന്നിലെത്തി.

ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് വഴി ഏതെല്ലാം രാജ്യത്ത് വിസയില്ലാതെയും വിസ ഓണ്‍ അറൈവലായും യാത്രചെയ്യാന്‍ കഴിയും എന്നത് ആധാരമാക്കിയാണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്. ഒമാന്റെ വിസ ഫ്രീ/ വിസ ഓണ്‍ അറൈവല്‍ സ്‌കോര്‍ 79 ആണ്. നേരത്തേ വിസയെടുക്കാതെയും വിസയില്ലാതെയും ഒമാനി പൗരന്മാര്‍ക്ക് 79 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയും.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ടു സ്ഥാനം കുറഞ്ഞ് 84 ആയി. ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസയെടുക്കാതെ 58 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാനാകും. പാകിസ്താന്‍ പാസ്‌പോര്‍ട്ടിന് ആഗോള തലത്തില്‍ 104ാം സ്ഥാനമാണുള്ളത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ യു.എ.ഇയാണ് പട്ടികയില്‍ മുന്നില്‍. 18ാം സ്ഥാനത്താണ് യു.എ.ഇ പാസ്‌പോര്‍ട്ടുള്ളത്. കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവയാണ് പട്ടികയില്‍ ഒമാന് മുന്നിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x