Currency

ഇന്ത്യക്കാര്‍ക്ക് ഇനി ഒമാനില്‍ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ

സ്വന്തം ലേഖകന്‍Saturday, September 30, 2017 8:01 am

മസ്‌കത്ത്: വിവിധ രാഷ്ട്രങ്ങളില്‍ എന്‍ട്രി വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ ഇനി മുതല്‍ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ. ഒരു മാസം വരെ രാജ്യത്ത് തങ്ങുന്നതിനുള്ള വിസയാണ് അനുവദിക്കുക. 20 ഒമാന്‍ റിയാല്‍ ഈടാക്കിയാണ് വിസ അനുവദിക്കുകയെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി വ്യക്തമാക്കി. സ്പോണ്‍സര്‍മാരില്ലാതെ രാജ്യത്ത് ഇറങ്ങാന്‍ സാധിക്കുന്നത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലോ ഷെന്‍ഗെന്‍ രാഷ്ട്രങ്ങളിലോ വിസയുള്ള ഇന്ത്യ, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ അനുവദിക്കുക. ആറ് മാസമെങ്കിലും പാസ്പോര്‍ട്ട് കാലാവധിയുണ്ടാകണം. മടക്ക ടിക്കറ്റ്, ഒമാനിലെ ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ ഉള്‍പ്പടെ കൗണ്ടറില്‍ വിസാ നടപടികളുടെ സമയത്ത് സമര്‍പ്പിക്കണമെന്നും അധികൃതര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മസ്‌കത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കം സര്‍ക്കുലര്‍ കൈമാറി. ഈ രാഷ്ട്രങ്ങളുടെ വിസയിലുള്ളവരുടെ ഭാര്യക്കും കുട്ടികള്‍ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നേരത്തെ ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് സ്പോണ്‍സര്‍മാരില്ലാതെ ട്രാവല്‍ ഏജന്‍സികള്‍ വഴിയും ഹോട്ടലുകളുടെ അപേക്ഷകളിലൂടെയും ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്താന്‍ ഒമാന്‍ സൗകര്യം ഒരുക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x