
മസ്‌കത്ത്: ടൂറിസം നിക്ഷേപ പദ്ധതികള്‍ക്കായുള്ള അനുമതികള്‍ വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനം തുടങ്ങുന്നതിനുള്ള നടപടികള്‍ ടൂറിസം മന്ത്രാലയം ആരംഭിച്ചു. സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള തന്‍ഫീദ് ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് യൂനിറ്റിന്റെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഏകജാലക സംവിധാനം. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിനാണ് ‘എന്‍ഹാന്‍സ് ആപ്ലിക്കന്റ് സര്‍വിസസ് ഫോര്‍ ഓള്‍ ടൂറിസം റിലേറ്റഡ് പ്രോജക്ട്‌സ്’ എന്ന പേരിലുള്ള പുതിയ ഏകജാലക സംവിധാനത്തിന്റെ പ്രവര്‍ത്തന മേല്‍നോട്ടം.
ഈ വര്‍ഷം അവസാനത്തോടെ ഏകജാലക സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്. റോയല്‍ ഒമാന്‍ പൊലീസ്, ഭവനമന്ത്രാലയം, മസ്‌കത്ത്-ദോഫാര്‍ നഗരസഭകള്‍, പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം, റീജനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് റിസോഴ്‌സസ് മന്ത്രാലയം എന്നിവയുമായി സര്‍വിസ്തല കരാറുകളില്‍ ഏര്‍പ്പെടാന്‍ ടൂറിസം മന്ത്രാലയത്തോട് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരമുള്ള കരാറുകളില്‍ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു.
ഇതോടെ, ഓരോ അപേക്ഷയിലും ബന്ധപ്പെട്ട അധികൃതര്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കേണ്ടിവരും. ഒറ്റ നക്ഷത്രം മുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ വരെയുള്ളവയുടെ അപേക്ഷയില്‍ പരമാവധി 27 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കും. ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷകളില്‍ പരമാവധി 92 ദിവസത്തിനുള്ളിലും തീരുമാനമുണ്ടാകും. ഏകജാലക സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി സാങ്കേതിക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.