
മസ്കത്ത്: ഓണ്‍ലൈന്‍ ഡെലിവറി സേവന മേഖല സ്വദേശിവത്കരിക്കാന്‍ പദ്ധതി. സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ഗതാഗത മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസിയാണ് ഇക്കാര്യമറിയിച്ചത്. വിദേശികള്‍ക്കിടയിലെ ഉയര്‍ന്ന കോവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം. തീരുമാനം പ്രാബല്ല്യത്തിലായാല്‍ വിദേശി തൊഴിലാളികള്‍ക്ക് റസ്റ്റാറന്റ്- ഓണ്‍ലൈന്‍ ഡെലിവറികള്‍ നടത്താന്‍ അനുമതിയുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.
രാജ്യത്ത് 80 ശതമാനം വാണിജ്യ പ്രവര്‍ത്തനങ്ങളും നൂറ് ശതമാനം വ്യവസായ പ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു കഴിഞ്ഞു. സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. നിയമലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത പിഴ ശിക്ഷ ചുമത്തുന്നതിന് ഒപ്പം സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് വ്യോമഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിദേശികളെ ഒഴിപ്പിക്കുന്നതിനായുള്ള വിമാന സര്‍വീസുകളും കാര്‍ഗോ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കര അതിര്‍ത്തി വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിന് ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കമ്മിറ്റി അതില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.