മസ്‌കത്ത്: ഒമാനില്‍ സിനിമാ തിയേറ്ററുകളും പാര്‍ക്കുകളും തുറക്കാന്‍ അനുമതി. കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെയാണ് രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സുപ്രീം കമ്മിറ്റി യോഗം അനുമതി നല്‍കിയത്. സിനിമാ തിയേറ്റര്‍ ഉള്‍പ്പെടെയുള്ള വിനോദ കേന്ദ്രങ്ങള്‍ തുറക്കാം. ബീച്ചുകളിലും പ്രവേശനം അനുവദിക്കും. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും. എന്നാല്‍ സ്റ്റേഡിയങ്ങളില്‍ കായിക മല്‍സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. ഷോപ്പിങ് മാളുകളില്‍ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ്‌കോര്‍ട്ടുകള്‍, എക്‌സിബിഷന്‍-കോണ്‍ഫറന്‍സ്, ഹെല്‍ത്ത് ക്ലബ്, കിന്റര്‍ഗാര്‍ട്ടന്‍, നഴ്‌സറികള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതി നല്‍കി.
ബ്യൂട്ടി സലൂണുകളിലെ രണ്ടാം ഘട്ട സേവനങ്ങള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ട്രയല്‍ റൂം തുറക്കല്‍, മാളുകളിലെ വിനോദ സ്ഥലങ്ങള്‍, ക്യാമ്പിങ് സാധനങ്ങള്‍ വാടകക്ക് നല്‍കുന്ന കടകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവക്കും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മവേല പച്ചക്കറി മാര്‍ക്കറ്റില്‍ ചില്ലറ വില്‍പന പുനരാരംഭിക്കുകയും ചെയ്യും. മാളുകളിലെ പാര്‍ക്കിങ് ഏരിയ പൂര്‍ണമായും തുറന്ന് നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.