Currency

പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ ഉടമയുടെ മേല്‍വിലാസം, മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിവരങ്ങള്‍ ഒഴിവാക്കും

സ്വന്തം ലേഖകന്‍Saturday, January 13, 2018 12:09 pm

 

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ ഉടമയുടെ മേല്‍വിലാസം, മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിവരങ്ങള്‍ അച്ചടിക്കുന്നത് ഇനി മുതല്‍ ഒഴിവാക്കും. നിലവിലുള്ള പാസ്‌പോര്‍ട്ടുകളുടെ ആദ്യപേജില്‍ ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജില്‍ വിലാസം, പിതാവ്, മാതാവ്, ഭാര്യ എന്നിവരുടെ പേരുകള്‍, പാസ്‌പോര്‍ട്ട് നമ്പര്‍, അനുവദിച്ച സ്ഥലം, തീയതി തുടങ്ങിയ വിവരങ്ങളാണ് ചേര്‍ക്കുന്നത്. എന്നാല്‍ പുതുതായി തയ്യാറാക്കുന്നവയില്‍ അവസാനപേജ് അച്ചടിക്കേണ്ടതില്ലെന്നാണ് തീരുമാനം.

ഇതോടെ വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‍നിന്ന് പാസ്‌പോര്‍ട്ട് ഒഴിവാകുമെന്നാണ് സൂചന. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദേശകാര്യമന്ത്രലായത്തിന്റെയും വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെയും പ്രതിനിധികളടങ്ങുന്ന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം പുതിയ പാസ്‌പോര്‍ട്ട് പുറത്തിറങ്ങുന്നതുവരെ നിലവിലുള്ളവ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പിതാവിന്റെ പേര് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തരുതെന്ന് മാതാവോ കുട്ടികളോ ആവശ്യപ്പെടുന്ന ഘട്ടം, ഒറ്റ രക്ഷിതാവുള്ള (സിംഗിള്‍ പേരന്റ് ) കുട്ടികളെയും ദത്തെടുക്കപ്പെട്ട കുട്ടികളെയും ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയാണ് സമിതി പരിശോധിച്ചത്. ഇതേത്തുടര്‍ന്ന്, പാസ്‌പോര്‍ട്ടില്‍ നിന്ന് പിതാവിന്റെ/രക്ഷിതാവിന്റെ/മാതാവിന്റെ പേര്, അവസാന പേജില്‍ നിന്ന് വിലാസം എന്നിവ ഒഴിവാക്കാന്‍ സമിതി നിര്‍ദേശിച്ചു.

ഈ നിര്‍ദേശങ്ങള്‍ വിവിധതലങ്ങളില്‍ പരിശോധിച്ച് അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പുറം ചട്ടകളായിരിക്കും. അല്ലാത്തവയ്ക്ക് (നോണ്‍ഇ.സി.ആര്‍) പതിവുപോലെ നീലനിറത്തിലുള്ള പുറംചട്ടകളായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x