
ദോഹ: ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ക്ക് പ്രാഥമികമായി പിഴ ശിക്ഷയാണ് ഈടാക്കുക. ഇന്റര്‍സെക്ഷനുകളില്‍ സിഗ്നല്‍ തെളിയുന്നതിന് മുമ്പെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടെത്തിയാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. സൈനിക പരേഡ് പോലെയുള്ള ഘട്ടത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരും ഇതെ പിഴ ഒടുക്കേണ്ടി വരും.
പുതിയ ശിക്ഷാനടപടികള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഗതാഗത വകുപ്പ് നടത്തുന്ന അപകടരഹിത വേനല്‍ക്കാലം കാമ്പയിന്റെ ഭാഗമായാണ് കാല്‍നടയാത്രക്കാര്‍ക്കും നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. സീബ്രാലൈനിലൂടെയല്ലാതെ റോഡുകള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് 200 റിയാലാണ് പിഴ. റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുന്നത് പിടിക്കപ്പെട്ടാല്‍ നൂറ് റിയാലും പിഴ ഒടുക്കേണ്ടി വരും. വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ കാല്‍നടക്കാരുടെ നിയമലംഘനങ്ങള്‍ പ്രത്യേക ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.
കാല്‍നടയാത്രക്കാരുടെ ഉത്തരവാദിത്തങ്ങളും കടമകളും വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ട്രാഫിക് ജനറല്‍ ഡയറക്ട്രേറ്റ് ട്രാഫിക് ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.