
ദോഹ: സ്ഥിരതാമസാനുമതി നിയമം (2018ലെ 10-ാം നമ്പര്‍ നിയമം) നടപ്പാകുന്നതോടെ ഖത്തറിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ലഭിക്കുക പുത്തന്‍ കുതിപ്പ്. നിയമം നടപ്പാക്കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ക്കു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്കി. സ്വദേശി പൗരന്മാര്ക്കുള്ള ഏതാണ്ട് എല്ലാ അവകാശങ്ങളും സ്ഥിരതാമസാനുമതിയുള്ളവര്ക്കും ലഭ്യമാകും. ഇതില്‍ ഏറ്റവും പ്രധാനം സ്വദേശി സ്പോണ്സര് ഇല്ലാതെ സ്വന്തം നിലയില്‍ വ്യാപാര, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാമെന്നതാണ്.
സ്ഥിരതാമസാനുമതി ലഭിച്ചവരുടെ മക്കള്‍ക്കും സ്ഥിരതാമസാനുമതി ലഭിക്കുമെന്നതിനാല്‍ പരമ്പരാഗതമായി വ്യാപാര, വ്യവസായങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകാനാകും. ഇത് ഖത്തറിലെ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലേക്കു കൂടുതല്‍ വിദേശനിക്ഷേപം എത്താനിടയാക്കുമെന്നു മാത്രമല്ല, ഒരിക്കലെത്തിയ നിക്ഷേപം മറ്റൊരവസരത്തില്‍ രാജ്യത്തിനു പുറത്തേക്കുപോകാനുള്ള സാധ്യത തടയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എണ്ണ വിലയിടിവിനെത്തുടര്‍ന്നു പഴയ നിലയിലെത്താത്ത റിയല്‍എസ്റ്റേറ്റ് മേഖലയ്ക്കു വന്‍കുതിപ്പേകാനും പുതിയ നിയമപരിഷ്കാരം വഴിയൊരുക്കുമെന്നാണു വിലയിരുത്തല്‍. സ്വദേശികള്‍ക്ക് എന്നപോലെ സ്ഥിരതാമസാനുമതിയുള്ള വിദേശികള്‍ക്കും വില്ലകള്‍, ഫ്ളാറ്റുകള്‍, വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനാവും. അതിനാല്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും കൂടുതല്‍ വിദേശനിക്ഷേപമെത്തും.
റിയല്‍ എസ്റ്റേറ്റ്, നിര്‍മാണമേഖല, ചെറുകിട, ഇടത്തരം വ്യാപാരസംരംഭങ്ങള്‍ എന്നിവ കരുത്താര്‍ജിക്കുന്നതു രാജ്യത്തു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഖത്തറില്‍ ദീര്‍ഘകാലമായി തുടരുന്ന പ്രവാസി തൊഴിലാളികള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക. ഇന്ത്യയുള്‍പ്പെടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും ഇതിന്റെ കാര്യമായ പ്രയോജനം ലഭിക്കുക.
ഖത്തറിന്റെ വികസനത്തിന് നിര്‍ണായക സംഭാവന നല്കി ചുരുങ്ങിയത് 20 വര്‍ഷമായി ഇവിടെ കഴിയുന്ന സല്സ്വഭാവികള്ക്കാണ് സ്ഥിരതാമസാനുമതി (പിആര്‍പി) ലഭിക്കുക. അറബിക് ഭാഷ അറിഞ്ഞിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഖത്തറില്‍ ജനിച്ച മക്കള്‍ രാജ്യത്തു 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അവര്‍ക്കും സ്ഥിരതാമസാനുമതി ലഭിക്കും. ഓരോ വര്‍ഷവും 100 പേര്‍ക്കാണ് ഈ അനുമതി ലഭിക്കുക. ഏതാനും മാസത്തിനുള്ളില്‍ ഇതിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്നാണ് അറിയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.