Currency

ഗതാഗതം പഠിപ്പിക്കാന്‍ ‘പൊലീസ് മാന്‍ മൈ ഫ്രണ്ട്’ വെബ് സൈറ്റുമായി ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, September 21, 2019 12:19 pm

ദോഹ: വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗതാഗത അവബോധം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പുതിയ വെബ്സൈറ്റ് ആരംഭിച്ചു. മന്ത്രാലയത്തിലെ ഗതാഗത വകുപ്പാണു ‘പൊലീസ് മാന്‍ മൈ ഫ്രണ്ട്’ എന്ന പേരില്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചത്. കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും ഗതാഗത ബോധവല്‍ക്കരണം ഉറപ്പാക്കും. വിദ്യാര്‍ഥികളും ഗതാഗത പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അകലം കുറയ്ക്കുകയും ആശയവിനിമയം സുഗമമാക്കുകയുമാണു ലക്ഷ്യം. ഗതാഗത ഡയറക്ടറേറ്റിലെ ഗതാഗത വില്ലേജില്‍ നടന്ന ചടങ്ങില്‍ മന്ത്രാലയം ഓഫിസര്‍മാരും അല്‍ മനാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെയും കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗതാഗത നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പൊതു ഗതാഗത സംസ്‌കാരത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും വെബ്സൈറ്റ് ലക്ഷ്യമിടുന്നു. പൊലീസ് തങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നവരാണെന്ന ബോധ്യം കുട്ടികള്‍ക്ക് നല്‍കാന്‍ വെബ്സൈറ്റ് സഹായകമാകും. വിനോദ, സാംസ്‌കാരിക പരിപാടികളിലൂടെ കുട്ടികളില്‍ ഗതാഗത ബോധവല്‍ക്കരണം നടത്തുകയാണു വെബ്സൈറ്റിലൂടെ ഉദ്ദേശിക്കുന്നത്.

ഭാവി തലമുറയിലെ റോഡ് ഉപയോക്താക്കള്‍ വിദ്യാര്‍ഥികളാണ്. ഭാവിയില്‍ കാല്‍നട യാത്രക്കാരനായാലും ഡ്രൈവറായാലും ഗതാഗത സുരക്ഷയെക്കുറിച്ച് ബോധ്യമുള്ളവര്‍ ആകണമെന്നതാണു ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹജിരി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x