Currency

പ്രവാസികളെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Monday, October 30, 2017 1:31 pm

പോസ്റ്റ് ഓഫീസ് സേവിങ് പദ്ധതി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയില്‍ പുതിയ ഭേദഗതി കൊണ്ടുവന്നാണ് വിദേശ ഇന്ത്യക്കാരെ ഈ പദ്ധതികളില്‍ നിന്ന് പുറത്താക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിന്റെ ഔദ്യോഗിക വിജ്ഞാപനവും പുറത്തുവന്നു. ഇതോടെ ഇരു പദ്ധതികളുടെയും ഭാഗമായ വിവിധ നിക്ഷേപ സംരംഭങ്ങളില്‍ നിന്ന് പ്രവാസികള്‍ പുറത്താകും.

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് ഒഴിവാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റേതാണ് ഇത് സംബന്ധിച്ച തീരുമാനം. പദ്ധതികളുടെ സേവനം ഉപയോഗിച്ചു വന്ന ഗള്‍ഫ് മേഖലയിലെ തുച്ഛ വരുമാനക്കാരായ ആയിരങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. നിയമപ്രകാരം പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പോസ്റ്റ് ഓഫീസ് സേവിങ് പദ്ധതി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയില്‍ പുതിയ ഭേദഗതി കൊണ്ടുവന്നാണ് വിദേശ ഇന്ത്യക്കാരെ ഈ പദ്ധതികളില്‍ നിന്ന് പുറത്താക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിന്റെ ഔദ്യോഗിക വിജ്ഞാപനവും പുറത്തുവന്നു. ഇതോടെ ഇരു പദ്ധതികളുടെയും ഭാഗമായ വിവിധ നിക്ഷേപ സംരംഭങ്ങളില്‍ നിന്ന് പ്രവാസികള്‍ പുറത്താകും. 1968ലെ പി.പി.എഫ് പദ്ധതിയിലാണ് ഭേദഗതി വരുത്തിയത്. ഇത് പ്രകാരം പദ്ധതിയില്‍ ഭാഗമായ ഒരാള്‍ എപ്പോള്‍ എന്‍.ആര്‍.ഐ ആകുന്നുവോ അതോടെ കാലാവധി തീരും മുമ്പെ സേവനം അവസാനിക്കും എന്നാണ് ഭേദഗതിയില്‍ വ്യക്തമാക്കുന്നത്. ഇതോടെ അക്കൗണ്ട് നിര്‍ത്തുന്നതു വരെയുള്ള ആനുകൂല്യം മാത്രമാകും ഇവര്‍ക്കു ലഭിക്കുക.

പോസ്റ്റ് ഓഫീസ് സേവന ഭാഗമായ നിരവധി നിക്ഷേപ പദ്ധതികളില്‍ പ്രവാസികള്‍ അംഗങ്ങളാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മാസാന്ത നിക്ഷേപ പദ്ധതി, മറ്റു നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നും എന്‍.ആര്‍.ഐവിഭാഗം പുറത്താകും. സര്‍ക്കാര്‍ വക നിക്ഷേപ പദ്ധതികളില്‍ ചേരണമെന്ന് പ്രവാസികളോട് ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് പ്രയോഗതലത്തില്‍ അതിന് തടയിടുന്ന നീക്കവുമായി കേന്ദ്രം മുന്നോട്ടു പോകുന്നതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x