Currency

പ്രവാസികളുടെ കൈയിലുള്ള അസാധുനോട്ടിന്റെ കാര്യം പ്രത്യേക സമിതി പരിശോധിക്കുന്നു

സ്വന്തം ലേഖകന്‍Thursday, December 8, 2016 11:12 am

ദുബായ്: പ്രവാസികളുടെ കൈവശമുള്ള അസാധുനോട്ടുകള്‍ സംബന്ധിച്ച പ്രശ്‌നം പരിശോധിക്കുന്നു. വലിയ കറന്‍സികള്‍ അസാധുവാക്കിയപ്പോള്‍തന്നെ ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഈ വിഷയം പരിശോധിക്കാനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സമിതി അവലോകനം ചെയ്തുവരികയാണെന്ന് എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ സി.ആര്‍. ശശികുമാര്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് അവരുടെ കൈവശമുള്ള അസാധുനോട്ടുകള്‍ നിലവില്‍ നാട്ടിലെ ബാങ്കുകളില്‍നിന്ന് സ്വയം മാറ്റിയെടുക്കാനോ ആരെയെങ്കിലും രേഖാമൂലം ചുമതലപ്പെടുത്തി മാറ്റാനോ ഇപ്പോള്‍ സംവിധാനമുണ്ട്. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ കൊച്ചി, തിരുവനന്തപുരം ഓഫീസുകളില്‍നിന്ന് മാറ്റിയെടുക്കാം. അതിനപ്പുറം എന്തുചെയ്യാനാവുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. നിയമപരമായി ഒരു പ്രവാസിക്ക് 25,000 ഇന്ത്യന്‍ രൂപവരെ കൈവശം വെയ്ക്കാം. ഇപ്പോഴത്തെ സൗകര്യം പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

വരുംദിവസങ്ങളില്‍ കൂടുതല്‍ കറന്‍സി എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാവും. ഡിജിറ്റല്‍ ആയി പണം കൈമാറുന്ന രീതി എല്ലാ ബാങ്കുകളും വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോഴാണ് അതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍തന്നെ കൂടുതല്‍ പ്രചാരണം നല്‍കുന്നത്. ധാരാളംപേര്‍ ഈ മാര്‍ഗത്തിലേക്ക് ഇടപാടുകള്‍ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x