
കുവൈത്ത് സിറ്റി: കേരളീയരായ പ്രവാസികള്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ലീഗല്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു.
വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്ന പദ്ധതിയാണ് പ്രവാസി നിയമ സഹായ സെല്‍. കേസുകള്‍ ഫയല്‍ ചെയ്യാന്‍ സഹായിക്കുക, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ ഫയല്‍ ചെയ്യുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്ക് അപേക്ഷിക്കാം. തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹായം തേടാന്‍ കഴിയും.
പ്രവാസി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് നിയമ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് സെല്‍ നിലവില്‍ വന്നത്. വൈകാതെ മറ്റ് രാജ്യങ്ങളിലും തുടങ്ങും. നിയമസഹായം ലഭിക്കാതെ തൊഴിലാളികള്‍ ജയിലുകളിലാവുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പദ്ധതി.
അപേക്ഷകള്‍ രേഖകള്‍ സഹിതം നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തപാലിലോ ഇ മെയിലിലോ അയക്കാം. വിശദാംശങ്ങള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.