മസ്‌കത്ത്: ഒമാനില്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്വദേശിവത്കരണ നടപടികള്‍ പുരോഗമിക്കുന്നു. ആദ്യ ഘട്ടമായി അധ്യാപക തസ്തികകളിലെ 2469 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിച്ചതായി തൊഴില്‍ വകുപ്പ് അറിയിച്ചു. പുതുതായി തൊഴില്‍ നല്‍കിയവരില്‍ 1455 പേര്‍ പുരുഷന്മാരാണ്. ഇസ്ലാമിക് എജ്യുക്കേഷന്‍, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ഐ.ടി, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ തുടങ്ങി 22 വിഭാഗങ്ങളിലാണ് വിദേശികളെ മാറ്റി സ്വദേശികളെ നിയമിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് ആദ്യ ഘട്ട സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചത്. സര്‍വകലാശാല യോഗ്യതയും എജ്യുക്കേഷണല്‍ ഡിപ്ലോമയും ഉള്ളവരെയാണ് വിദ്യാഭ്യാസ വകുപ്പില്‍ വിദേശികള്‍ക്ക് പകരമായി നിയമിച്ചത്.
ആറ് സര്‍ക്കാര്‍ വകുപ്പുകളുമായി ഈ വര്‍ഷം പൊതുമേഖലയില്‍ നാലായിരത്തോളം തൊഴിലവസരങ്ങളാണ് സ്വദേശികള്‍ക്കായി സൃഷ്ടിക്കുക. വിദ്യാഭ്യാസ വകുപ്പില്‍ 2469ഉം ആരോഗ്യ മന്ത്രാലയത്തില്‍ 830ഉം ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 115ഉം മുനിസിപ്പല്‍ വിഭാഗത്തില്‍ 65ഉം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസില്‍ 92ഉം അവസരങ്ങളാണ് സൃഷ്ടിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.