
റിയാദ്: സൗദിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ രജിസ്ട്രേഷന്‍ വിഭാഗം ലളിതമാക്കി. ആശുപത്രികളില്‍ നിന്നുള്ള ബെര്‍ത്ത് നോട്ടിഫിക്കേഷന്‍ രേഖ ഇനി മുതല്‍ സിവില്‍ അഫയേഴ്സ് ഓഫീസില്‍ ഹാജരാക്കേണ്ടതില്ല. ആശുപത്രികളും സിവില്‍ അഫയേഴ്സ് ഓഫീസുകളും ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ മുഖേന ബന്ധിപ്പിച്ചു.
സൗദിയിലെ ജനന രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ഇങ്ങിനെയാണ്:
ജനനം നടന്നയുടനെ പിതാവ് ആശുപത്രിയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ കുഞ്ഞ് ജനിച്ച കാര്യം രജിസ്റ്റര്‍ ചെയ്യണം. ഈ നോട്ടിഫിക്കേഷന്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിന് നേരിട്ട് ലഭിക്കും. നേരത്തെ ഇതിന്റെ രേഖ രക്ഷിതാവ് ഹാജരാക്കണമായിരുന്നു. ആശുപത്രിയിലെ നോട്ടിഫിക്കിഷേന്‍ രജിസ്‌ട്രേഷന് ശേഷം അബ്ശിര്‍ വഴി തീയതിയും സമയവും സിവില്‍ രജിസ്ട്രേഷന്‍ ഓഫീസും തെരഞ്ഞെടുക്കാം. ശേഷം ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത ഓഫീസില്‍ ചെല്ലുക. ഇവിടെ രക്ഷിതാക്കളുടെ അസ്സല്‍ പാസ്‌പോര്‍ട്ടും ഇഖാമയും അപേക്ഷ ഫോമും നല്‍കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജനനം നടന്ന് മുപ്പത് ദിവസത്തിനകം തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വൈകിയാല്‍ പിഴയുണ്ടാകും.
ജനനം നടന്ന് 30 ദിവസത്തിന് ശേഷമാണ് ഓഫീസില്‍ ഹാജരാകുന്നതെങ്കില്‍ 50 റിയാല്‍ പിഴ അടയ്ക്കണം. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത് വൈകിയാല്‍ ഒരോ വര്‍ഷത്തിനും 50 റിയാല്‍ വീതമാണ് പിഴ നല്‍കേണ്ടത്. ജനനം നടന്ന് എട്ട് വര്‍ഷത്തിന് മുമ്പ് തന്നെ സിവില്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ പിതാവ് നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന് പകരം മറ്റൊന്ന് ലഭിക്കണമെങ്കില്‍ പ്രാദേശിക അറബ് പത്രത്തില്‍ പരസ്യം നല്‍കി അബ്ശിര്‍ വഴി ഒരു മാസം കഴിഞ്ഞുള്ള തീയതിയും സമയവും സ്ഥലവും തെരഞ്ഞെടുത്താണ് സിവില്‍ ഓഫീസിലെത്തേണ്ടത്. ഈ സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലും പൂര്‍ത്തിയാക്കിയ ശേഷം എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിച്ച് ഇന്ത്യന്‍ ജനന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണം. ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ രജിസ്ട്രേഷന്‍ വിഭാഗം (അഹ്വാലുല്‍ മദനി) ലളിതമാക്കിയത് പ്രവാസികള്‍ക്കും ഗുണമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.