
മസ്കറ്റ്: അനധികൃത ടാക്സി സര്‍വീസുകള്‍ നടത്തുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം. അനുമതി ഇല്ലാതെ സമാന്തര പൊതു ഗതാഗതം നടത്തുന്നവരെ പിടികൂടുവാന്‍ റോയല്‍ ഒമാന്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പിടിക്കപെട്ടാല്‍ വന്‍ തുകയാകും പിഴ ശിക്ഷ.
ഒമാന്‍ സ്വദേശികള്‍ക്ക് മാത്രമായി അനുവദിച്ചിട്ടുള്ള ടാക്സി സര്‍വീസ് മേഖലയില്‍, വിദേശികള്‍ സമാന്തര സര്‍വീസുകള്‍ നടത്തി വരുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ട പശ്ചാത്തലത്തില്‍ ആണ് ഗതാഗത മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങള്‍, ഇന്ത്യന്‍ സ്കൂളുകള്‍, ആശുപത്രികള്‍, സ്വകാര്യ ഓഫീസുകള്‍ എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്, വിദേശികള്‍ നടത്തിവരുന്ന സമാന്തര പൊതു ഗതാഗത സര്‍വീസുകള്‍ ഒമാന്‍ ഗതാഗത നിയമം അനുസരിച്ചു നിരോധിച്ചിട്ടുള്ളതാണ്.
എന്നാല്‍, സ്വകാര്യാ ടാക്സി സര്‍വീസുകള്‍ ഇപ്പോള്‍ കൂടുതല്‍ വ്യാപകമായതോടു കൂടിയാണ് മന്ത്രാലയം ശക്തമായ നിയന്ത്രണം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും, ഇന്ത്യന്‍ സ്കൂള്‍ വിദ്യാലയ പരിസരത്തും റോയല്‍ ഒമാന്‍ പൊലീസ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ അനധികൃത ടാക്സികള്‍ ഒഴിവാക്കണമെന്നു ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
2019 ജൂണ്‍ മുതല്‍ മസ്കറ്റ് പ്രവിശ്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന എല്ലാ ടാക്സി സര്‍വീസുകള്‍ക്കും ഇലക്ട്രോണിക് മീറ്റര്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.